റോം: വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തിന്റെ അനുസ്മരണം നടക്കുന്ന പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലിൽ. പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പ റെബിബിയ വനിതാ ജയിലിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് വത്തിക്കാനാണ് അറിയിച്ചിരിക്കുന്നത്. മാർച്ച് 28 പെസഹ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ വനിത ജയിലില്‍ സ്വകാര്യ സന്ദർശനം നടത്തുമെന്നും അവിടെ വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുമെന്നും വത്തിക്കാന്‍ അറിയിച്ചു.
വിശുദ്ധ കുർബാനയ്‌ക്കിടെ, വിനയത്തിന്റെ മഹനീയ മാതൃക ലോകത്തിന് കാണിച്ചു നല്‍കി യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ച് പാദങ്ങള്‍ കഴുകുന്ന ശുശ്രൂഷ പാപ്പ ഇത്തവണയും നടത്തുമെന്ന് തന്നെയാണ് സൂചന. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015-ലെ പെസഹ വ്യാഴാഴ്ച റെബിബിയ ജയിലിൽ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയിരിന്നു. അന്നു പാപ്പ കാല്‍ കഴുകിയവരില്‍ സ്ത്രീകളും പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെട്ടിരിന്നു. മെത്രാനായിരുന്ന കാലം മുതല്‍ക്കേ ജയില്‍ അന്തേവാസികള്‍ക്കൊപ്പം പെസഹാ ദിനാചരണം നടത്തുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. പാപ്പയായതിന് ശേഷവും ഈ പതിവില്‍ മാറ്റമൊന്നും വന്നിട്ടില്ല.