അരയതുരുത്തി: തിരുവനന്തപുരം ലത്തീന്‍ അതിരൂപത അഞ്ചുതെങ്ങ് ഫൊറോനയിലെ അരയതുരുത്തി സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ഇടവകയിൽ ഹോം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. സമാപനത്തോടനുബന്ധിച്ച് ഫെബ്രുവരി 18 ഞായറാഴ്ച അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയർപ്പിച്ചു. ഇടവക വികാരി ഫാ. ജോസഫ് പ്രസാദ്, അതിരൂപത ബി.സി.സി. എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവർ സഹകാർമ്മികരായിരുന്നു.
അതിരൂപതയിൽ സേവനം ചെയ്യുന്ന വ്യത്യസ്ത സന്ന്യാസ സഭകളിൽ നിന്നുള്ള പരിശീലനം ലഭിച്ച 15 സമർപ്പിതർ ഇടവകയിലെ ഓരോ കുടുംബങ്ങളെ സന്ദർശിച്ച് കുടുംബകേന്ദ്രീകൃത അജപാലന ദൗത്യത്തിൽ പങ്കുചേർന്നു. സന്ദർശന വേളയിൽ കണ്ടെത്തിയ കരുത്തുകൾ, വെല്ലുവിളികൾ, നിർദ്ദേശങ്ങൾ എന്നിവയടങ്ങിയ ശുശ്രൂഷ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ സാന്നിധ്യത്തിൽ ഇടവക ജനങ്ങളുടെ മധ്യേ അവതരിപ്പിച്ചു. മൂന്നാംഘട്ട പ്രവർത്തനത്തിനായി അഭിവന്ദ്യ പിതാവ് റിപ്പോർട്ട് ഇടവക വികാരിക്കു കൈമാറി.
ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരിലേക്ക് പകർന്നു നല്കികൊണ്ടിരിക്കുന്ന ഒരു പ്രേഷിത ഇടവകയാണ് അരയതുരുത്തി ഇടവകയെന്ന് ക്രിസ്തുദാസ് പിതാവ് തന്റെ സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു. ഹോം മിഷൻ രണ്ടാം ഘട്ടം പൂർത്തിയാവുമ്പോൾ ഈ വിശ്വാസ കൈമാറ്റം ത്വരിതപ്പെടണമെന്നും അതിനായി കുറവുകൾ പരിഹരിച്ച് ഇടവകമക്കളുടെ കുടുംബങ്ങളും ജീവിതവും ക്രിസ്തുസ്നേഹത്താൽ നിറഞ്ഞ് വിശ്വാസം കൈമാറ്റം കൂടുതൽ പ്രകാശപൂരിതമാകണമെന്നും പിതാവ് പറഞ്ഞു. അതിന്റെ പ്രതീകമായി അഭിവന്ദ്യ പിതാവ് കത്തിച്ച തിരി ഇടവക വികാരിക്കും ഇടവക കൗൺസിൽ അംഗങ്ങൾക്കും നൽകി.
ഹോം മിഷൻ രണ്ടാം ഘട്ടത്തിൽ ദൃശ്യമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, ഉടൻ ആരംഭിക്കുന്ന പ്ലാനിംഗ് ബഡ്ജറ്റ് രൂപീകരണത്തിൽ എല്ലാ തലത്തിലും ഹോം മിഷൻ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം കൊടുക്കുമെന്നും ഇടവക വികാരി ഫാ. ജോസഫ് പ്രസാദ് അറിയിച്ചു. കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞത്തിന് അക്ഷീണം പ്രയത്നിച്ച ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ,ഇടവക വികാരി ഫാ. ജോസഫ് പ്രസാദ്, ഇടവക കൗൺസിൽ അംഗങ്ങൾ സന്യസ്തർ എന്നിവർക്ക് അഭിവന്ദ്യ പിതാവ് കൃതജ്ഞത അർപ്പിച്ചു.