കൊച്ചി: വിഴിഞ്ഞം കേസുകള്‍ മൂലം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ). വിരമിച്ച വൈദികരുടെ ക്ഷേമവും വൈദിക വിദ്യാര്‍ഥികളുടെ പഠനച്ചെലവുകളും നടക്കുന്നതിന് വിശ്വാസി സമൂഹത്തില്‍ നിന്ന് സംഭാവന ചോദിക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ നിര്‍ബന്ധിതമാകുന്ന തരത്തില്‍ അവരുടെ എഫ്‌സിആര്‍എ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാത്തതില്‍ കെഎല്‍സിഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
എഫ്‌സിആര്‍എ നിയമത്തില്‍ വരുത്തിയ ഭേദഗതികളെ തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു അക്കൗണ്ടിലൂടെ മാത്രമേ പണം സ്വീകരിക്കാനാകൂ. എഫ്‌സിആര്‍എ നിയമത്തിലെ 12(4) ഏതെല്ലാം ഘട്ടങ്ങളില്‍ ഇത്തരം അക്കൗണ്ടുകളില്‍കളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാം എന്ന് പറയുന്നുണ്ട്. അക്കൗണ്ട് അംഗങ്ങളായ വ്യക്തികളുടെ പേരിലോ സ്ഥാപനത്തിന്റെ പേരിലോ പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടെങ്കില്‍ പോലും തടസങ്ങള്‍ ഉണ്ടാകാം. വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് നൂറുകണക്കിന് കേസുകള്‍ എടുത്തപ്പോള്‍ ആര്‍ച്ചുബിഷപ്പിനെ ഉള്‍പ്പെടെ പ്രതിയാക്കി എടുത്ത കേസുകള്‍ ഇതിന് കാരണമായി. എന്നാല്‍ ആ കേസുകള്‍ കള്ളക്കേസുകള്‍ ആയിരുന്നു എന്ന് പിന്നീട് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും ചില കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായത്.
തെറ്റുതിരുത്താന്‍ അധികാരകേന്ദ്രങ്ങള്‍ തയാറാകണമെന്നും വിഴിഞ്ഞം സമരത്തിന്റെ പേരില്‍ ഉണ്ടായ കേസുകളെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലി ക്കണമെന്നും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ആവശ്യപ്പെട്ടു. പ്രതിഷേധിക്കാനും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇത്തരം മാര്‍ഗങ്ങളിലൂടെ മൂക്കുകയറിടാന്‍ ശ്രമിക്കുന്നത് ജനാധിപത്യം മൂല്യങ്ങള്‍ക്ക് എതിരാണെന്ന് കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി പ്രസ്താവനയില്‍ പറഞ്ഞു.