റോം: ലോകമെമ്പാടുമുള്ള കുട്ടികളുമായി ഒത്തുചേരുന്ന ആദ്യത്തെ ലോക ശിശുദിനത്തെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പ. സമ്മേളനത്തിന്റെ ആദ്യദിനമായ ശനിയാഴ്ച സമാധാനം, പ്രത്യാശ, സംഭാഷണം എന്നിവയിൽ അധിഷ്ഠിതമായ ഭാവി കെട്ടിപ്പടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ സംസാരിച്ചു.“കുട്ടികളേ, നിങ്ങളിൽ എല്ലാം ജീവിതത്തെയും ഭാവിയെയും കുറിച്ച് സംസാരിക്കുന്നു. സഭ, ഒരു അമ്മയെന്ന നിലയിൽ, നിങ്ങളെ സ്വാഗതം ചെയ്യുകയും ആർദ്രതയോടും പ്രത്യാശയോടും കൂടെ നിങ്ങളെ അനുഗമിക്കുകയും ചെയ്യുന്നു,” മെയ് 25 ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്ന ഏകദേശം 50,000 ത്തോളം വരുന്ന കുരുന്നുകളോട് ഫ്രാൻസിസ് പാപ്പ പറഞ്ഞു.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനമായ ഞായറാഴ്ച ഫ്രാൻസിസ് പാപ്പ പതിനായിരക്കണക്കിന് കുട്ടികളുമായി ദിവ്യബലിയർപ്പിച്ചു. പരിശുദ്ധ പിതാവ്, പുഞ്ചിരിയോടെയും കുട്ടികളാൽ ചുറ്റപ്പെട്ടതിന്റെ സന്തോഷത്തോടെയും, തൻ്റെ വചന സന്ദേശത്തിൽ , പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. “പ്രിയപ്പെട്ട കുട്ടികളേ, ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാൻ നമ്മൾ ഇവിടെയുണ്ട്,” പാപ്പ പറഞ്ഞു. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും എണ്ണിപ്പറഞ്ഞുകൊണ്ട് പാപ്പ ചോദിച്ചു, “എത്ര ദൈവങ്ങളുണ്ട്?” കുട്ടികൾ “ഒന്ന്” എന്ന് ഉത്തരം നൽകിയപ്പോൾ, പാപ്പ അവരെ പ്രശംസിക്കുകയും പരിശുദ്ധ ത്രിത്വേക ദൈവത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇതിനിടെ യുദ്ധമുഖത്ത് നിന്നുമെത്തിയ പലസ്തീൻ, യുക്രൈൻ രാജ്യങ്ങളിൽ നിന്നുമെത്തിയ കുട്ടികളുമായി പാപ്പ സംവദിച്ചത് ലോകശ്രദ്ധനേടി.