മുട്ടട: ദിവ്യകാരുണ്യം സ്വീകരിച്ച കുഞ്ഞുങ്ങൾക്ക് വൃക്ഷത്തൈ വിതരണം ചെയ്ത് മുട്ടട ഹോളിക്രോസ് ദേവാലയത്തിലെ സാമൂഹ്യ ശുശ്രൂഷ സമിതി. ലോക പരിസ്ഥിതി ദിനത്തോടനുബ്നധിച്ചാണ് വ്യത്യസ്തമായ ഈയൊരു പരിപാടി സംഘടിപ്പിച്ചത്. ഒരു വൃക്ഷം മണ്ണിൽ വേരുകളിറക്കി ജലവും വളവും വലിച്ചെടുത്ത് വളർന്ന് പന്തലിക്കുന്നതുപോലെ യേശുവിനോട് ചേർന്നു നിന്ന് ദൈവിക കൃപകളാൽ കുരുന്നുകൾ വളർന്ന് ഈ സമൂഹത്തിന് തണലാവണമെന്ന് മഹത്തായ സന്ദേശം ഇടവക വികാരി ഫാ. പോൾ പഴങ്ങാട്ട് കുട്ടികൾക്ക് നൽകി.
ആദ്യമായി ഈശോയെ സ്വീകരിച്ച ദിവസം കുട്ടികൾക്ക് ജീവിതത്തിലെ അവിസ്മരണീയ സുദിനമായ് മാറണം എന്ന ചിന്തയാണ് സാമൂഹ്യ ശുശ്രൂഷ സമിതി അംഗങ്ങളെ അന്നേദിനം വൃക്ഷത്തൈ വിതരണം ചെയ്യാൻ പ്രേരിപ്പിച്ചത്. പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് സമ്മാനമായി നൽകിയ വൃക്ഷത്തൈ വിതരണം കുട്ടികൾക്കും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. പരിപാടിയിൽ സാമൂഹ്യ ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീ. ബിനോയിമൈക്കിൾ മറ്റു സമിതി അംഗങ്ങൾ, സാമൂഹ്യ ശുശ്രൂഷ സമിതി പ്രതിനിധിയായ സിസ്റ്റർ അനു എന്നിവർ പങ്കെടുത്തു.