പാലക്കാട്: സുൽത്താൻപേട്ട് രൂപത സ്ഥാപിതമായതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കൃതജ്ഞത ദിവ്യബലിയും ദിവ്യകാരുണ്യ കോൺഗ്രസും പാലക്കാട് സെൻറ് സെബാസ്റ്റ്യൻ കത്തീഡ്രൽ അങ്കണത്തിൽ നടന്നു. കൃതജ്ഞത ദിവ്യബലിക്കും തുടർന്ന് പാലക്കാട് നഗരത്തിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷണത്തിനും രൂപതാ മെത്രാൻ ഡോ. അന്തോണിസാമി പീറ്റർ അബീർ പിതാവ് കാർമികത്വം വഹിച്ചു. രൂപതയിലെ എല്ലാ വൈദികരും സന്യാസിനികളും അതോടൊപ്പം രൂപതയിലെ മുപ്പതോളം ഇടവകകളിൽ നിന്നായി 1500-ൽ പരം വിശ്വാസികളും പങ്കെടുത്തു.
രൂപതയുടെ നവീകരിച്ച ഡയറക്ടറി, സ്റ്റേറ്റ്ട്ടുസ് രൂപതാധ്യക്ഷൻ പ്രകാശനം ചെയ്തു. 2014 ൽ ഫ്രാൻസിസ് പാപ്പയുടെ “ആദ് പെർപെതും ചെയി മെമോറിയാം” എന്ന കൽപ്പന വഴിയാണ് സുൽത്താൻപേട്ട് രൂപത സ്ഥാപിക്കപ്പെടുന്നത്. മുപ്പതോളം ഇടവകകളിലായി അൻപതിനായിരത്തോളം വിശ്വാസികളാണ് രൂപതയിൽ ഉള്ളത്.തമിഴകത്തിലെ ഡിണ്ടിഗൽ തിരിച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ക്രൈസ്തവരുടെ കുടിയേറ്റത്തോടുകൂടിയാണ് പാലക്കാട് ആദ്യമായി ക്രൈസ്തവ സമൂഹം രൂപം കൊണ്ടത്. കൽപ്പാത്തി പുഴയുടെ വടക്ക് ഭാഗത്തായി ജ്ഞാനപ്പാളയം എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ആദ്യത്തെ ക്രൈസ്തവ സമൂഹം രൂപം കൊണ്ടത്. പിന്നീട് ഈശോസഭാ വൈദികനായിരുന്ന ഫ്രാൻസിസ്കോ സവേരിയോ പവോനിയുടെ നേതൃത്വത്തിൽ രാമശ്ശേരിക്ക് അടുത്ത് പെരിയ കോവിൽ പാളയത്ത് ആദ്യത്തെ ക്രൈസ്തവ ദേവാലയം നിലവിൽ വന്നു. അവിടെ നിന്നും വടക്കഞ്ചേരി, പെരുംകുളം, അത്തിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും പുതിയ ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിക്കപ്പെടുകയുണ്ടായി. 1643 മുതൽ 1783 വരെ പാലക്കാട് പ്രദേശം ഈശോ സഭ വൈദികരുടെ മേൽനോട്ടത്തിൽ ആയിരുന്നു. 1783 മുതൽ 1940 വരെ പാരീസ് മിഷൻ വൈദികരാണ് ഇവിടെ ഉണ്ടായിരുന്ന ക്രൈസ്തവ സമൂഹത്തെ വളർത്തിയെടുത്തത്. 1940 മുതൽ കോയമ്പത്തൂർ രൂപതയുടെ കീഴിൽ തദ്ദേശീയ മെത്രാന്മാരുടെയും, 1923 മുതൽ വള്ളുവനാട് പ്രദേശം കോഴിക്കോട് രൂപതയുടെ കീഴിലും ആയിരുന്നു.