വത്തിക്കാൻ: ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾ, ഗാസ, ഇസ്രായേൽ പ്രദേശങ്ങളിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾ, ദാരിദ്ര്യം, കുടിയേറ്റം, ചൂഷണങ്ങൾ, സ്ത്രീകളുടെ പ്രാധാന്യം, ലൈംഗികസത്വം തുടങ്ങിയ വിഷയങ്ങളിൽ ഒക്ടോബർ 11-ന്, മെത്രാന്മാരുടെ സിനഡിന്റെ പൊതുസമ്മേളനത്തിൽ ചർച്ചകൾ നടന്നതായി സിനഡ് വാർത്താവിനിമയ കമ്മീഷൻ പ്രസിഡന്റ് പൗളോ റുഫീനിയും, സെക്രെട്ടറി ഷൈല പീരെസും അറിയിച്ചു.
പാവപ്പെട്ടവരുടെ പക്ഷം ചേരുന്ന, എളിയ ഒരു സഭ എന്ന ആശയം മുന്നോട്ട് വന്നതിനെക്കുറിച്ച് ഷൈല പിരെസ് പറഞ്ഞു. പാവപ്പെട്ടവരുടെയും, അവഗണിക്കപ്പെട്ടവരുടെയും, കുടിയേറ്റക്കാരുടെയും, കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുന്നവരുടെയും, രണ്ടാം തരക്കാരായി ചിലയിടങ്ങളിലെങ്കിലും കരുതപ്പെടുന്ന സ്ത്രീകളുടെയും സന്യസ്‌തകളുടെയും മുഖം കൂടിയുണ്ടെന്ന് സിനഡിൽ അഭിപ്രായമുയർന്നു. എല്ലാത്തരം ചൂഷണങ്ങളിൽനിന്നും ഇവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് പിരെസ് വിശദീകരിച്ചു.