തിരുവനന്തപുരം അതിരൂപതയുടെ 2021 സാമൂഹിക-സാമ്പത്തിക ഘടനാ സർവ്വേയുടെ കണ്ടെത്തലുകളെ, 2011-ൽ നടത്തിയ സർവ്വേ ഫലങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട്, വിഷയാവതരണം നടന്നു. അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു. ഡോ. സബാസിന്റെയും ഡോ. മേരിജോണിന്റെയും നേതൃത്വത്തിൽ ചെയ്ത സർവ്വേ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ ഡോ. മേരി ജോൺ അവതരിപ്പിച്ചു.
2011-ൽ രണ്ടു ലക്ഷത്തിലധികം വ്യക്തികളിലും 2021-ൽ പന്ത്രണ്ടായിരത്തിലധികം വ്യക്തികളിലും നിന്നുമാണ് സർവ്വേക്കാവശ്യമായ വിവരശേഖരണം നടത്തിയിരിക്കുന്നത്.
2011-ൽ നടത്തിയ സെൻസസ് സർവ്വേയിൽ 8 ഫെറോനകളിൽ നിന്നായി 114 ഇടവകകളിൽ നിന്നുമാണ് വിവരശേഖരണം നടത്തിയത്. 2021-ൽ നടന്ന സാമ്പിൾ സർവ്വേയിൽ 9-ൽ 8ഫെറോനകളിൽ നിന്നായി 22 ഇടവകകളെയാണ് സർവ്വേക്കായി വിനിയോഗിച്ചത്.
TSSS-ന്റെ നേതൃത്വത്തിൽ വെള്ളയമ്പലം TSSS ഹാളിൽ വച്ച് നടന്ന പരിപാടി അതിരൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നേറ്റോ ഉദ്ഘാടനം ചെയ്തു. അതിരുപതാ സഹായമെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ സർവ്വേ റിപ്പോർട്ട് പ്രകാശനം ചെയ്തു. അതിരൂപതയിലെ ബഹുപൂരിപക്ഷം ജനങ്ങളും മത്സ്യമേഖലയെ ആശ്രയിച്ചു തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്. സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക രംഗങ്ങളിലെ സ്ഥിതിഗതികളെ വിലയിരുത്തികൊണ്ട് തയ്യാറാക്കിയ വിശദപഠനമാണ് ഈ സർവേയിലൂടെ ലക്ഷ്യമാക്കുന്നത്.ജനങ്ങളുടെ വരുമാന മാർഗത്തെയും രാഷ്ട്രീയ രംഗത്തെ പങ്കാളിത്തത്തെയും കുറിച്ചുള്ള വിലയിരുത്തലും നടത്തി. സർവ്വേ റിപ്പോർട്ട് അവതരണ ശേഷം റിപ്പോർട്ടിനെപ്പറ്റിയുള്ള ചർച്ചകളും വിലയിരുത്തലും നടത്തി. സാമൂഹ്യസാമ്പത്തികാവസ്ഥയെപ്പറ്റിയുള്ള വിലയിരുത്തൽ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, വിദ്യാഭ്യാസ രംഗത്തെപ്പറ്റി ഡോ. ഐറിസ് കൊയ്‌ലോയും ആരോഗ്യ- പരിസ്ഥിതി മേഖലയിലെ വിലയിരുത്തൽ ഡോ. ബെന്നറ്റ് സൈലം, ജെൻഡർ രംഗത്തെപറ്റി ശ്രീമതി സിന്ധു നെപ്പോളിയൻ, തൊഴിൽ മേഖലയെപ്പറ്റി അതിരൂപത ശുശ്രൂഷ ഡയറക്ടർ ഫാ. ലോറൻസ് കുലാസ്, രാഷ്ട്രീയ നേതൃത്വത്തെയും വിവിധ അവകാശങ്ങളെയും പറ്റി ശ്രീ. പ്ലാസ്സിഡ് ഗ്രിഗറിയും വിലയിരുത്തൽ അവതരിപ്പിച്ചു.
ചർച്ചകളുടെ പൂർണ്ണ അവലോകനം ചർച്ചയുടെ മോഡറേറ്ററായ ശ്രീ. എം. എസ്.വിജയാനന്ദ് IAS അവതരിപ്പിച്ചു. പരിപാടിയിൽ TSSS ഡയറക്ടർ ഡോ. സാബാസ് ഇഗ്നെഷ്യസ്, TSSS പ്രതിനിധികൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായവർ, അതിരൂപതയിലെ വൈദീക സന്യസ്ത പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.