വത്തിക്കാൻ: വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രോഗങ്ങളെയും വേദനകളെയും അഭിമുഖീകരിക്കുവാൻ സാധിച്ചാൽ അവ പക്വതയിലേക്ക് വളരാൻ നമ്മെ സഹായിക്കുന്ന സാഹചര്യങ്ങളായി മാറുമെന്ന് നിരവധി ആളുകളുടെ ജീവിതസാക്ഷ്യം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. രോഗങ്ങളും സഹനവും വിശുദ്ധ ഗ്രന്ഥത്തിൽ എന്ന വിഷയത്തെ ആധാരമാക്കി തയ്യാറാക്കിയ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ച പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അംഗങ്ങളെ ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ജീവിതത്തിൽ യഥാർത്ഥത്തിൽ ആവശ്യമായവ ഏതെന്ന് തിരിച്ചറിയാൻ ഇത്തരം സാഹചര്യങ്ങൾ നമ്മെ പഠിപ്പിക്കുമെന്നും, യേശുവിന്റെ ജീവിതോദാഹരണമാണ് ഈയൊരു മാർഗ്ഗം നമുക്ക് കാണിച്ചുതരുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
രോഗങ്ങളിലൂടെയും വിഷമാവസ്ഥയിലൂടെയും കടന്നുപോകുന്നവർക്ക് ക്രിസ്തു തന്റെ ജീവിതകാലത്ത് സമീപസ്ഥനായിരുന്നതുപോലെ, നാമും ആരെയും അവഗണിക്കാതെ, മനുഷ്യരുടെ ആത്മശരീരങ്ങളിൽ സൗഖ്യം ഉറപ്പാക്കുവാനായി, അവർക്ക് സമീപസ്ഥരായിരിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. ഇത് പങ്കുവയ്ക്കലിന്റെ മനോഭാവത്തിലേക്ക് നമ്മെ നയിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. നല്ല സമരിയക്കാരന്റെ ഉപമ, മറ്റുള്ളവരുടെ ദൗർബല്യങ്ങളെ എങ്ങനെ നമ്മുടേതാക്കി മാറ്റാമെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.