തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയുടെ പഠന റിപ്പോർട്ട് വെബ്സൈറ്റിലാക്കി പൊതുസമൂഹത്തിന് സമർപ്പിക്കുന്നു.
റിപ്പോർട്ടിന്റെ പ്രകാശനം ലോകമത്സ്യത്തൊഴിലാളി ദിനമായ നംവംബർ 21 ന് പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. രാമചന്ദ്ര ഗുഹ തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തിരുന്നു. ജനകീയ പഠന സമിതി നടത്തിയ വിദഗ്ദ്ധ പഠനത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം ഭൂമിശാസ്ത്രപരമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. അതുകാരണം തീരജനത അവരുടെ തൊഴിലിനും ജീവനും തീരത്തെ നിലനില്പിനും കനത്ത വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. വിഴിഞ്ഞം തുറമുഖം നിർമ്മാണം തുടങ്ങിയത് സുതാര്യമായ രീതിയിലല്ലായെന്നും, പദ്ധിതി രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്നും റിപ്പോർട്ട് പ്രകാശനം ചെയ്ത രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു.
ജനകീയ പഠനസമിതി പഠനം നടത്തി പ്രകാശനം ചെയ്ത റിപ്പോർട്ട് പരിസ്ഥിതി സ്നേഹികളുടെയും, തീരവും തീരജനതയും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയുമിടയിൽ ഇതിനകംതന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. റിപ്പോർട്ട് കൂടുതൽപേരിലെത്തുന്നതിനായി ജനകീയ സമരസമിതി റിപ്പോർട്ടിന്റെ പൂർണ്ണരൂപം വെബ്സൈറ്റിൽ ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ പ്രകാശനകർമ്മം 2023 ഡിസംബർ 17, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വലിയവേളി പാരിഷ് ഹാളിൽ നടക്കുന്ന ജനജാഗരം സമാപന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ നിർവ്വഹിക്കും. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര വിശദ്ദവിവരങ്ങൾ പങ്കുവയ്ക്കും. തീരജനതയുടെ ജീവിതത്തിനും, ജീവനും, നില നില്പ്പിനും ഭീഷണിയാകുന്ന തീരശോഷണം, മുതലപ്പൊഴി, തീരദേശ ഹൈവേ എന്നിവയിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യമാണ് ജനജാഗര സമ്മേളനത്തിലും ഉയരുന്നത്.