കോഴിക്കോട്: മലബാറില്‍ അനേകായിരം ജീവിതങ്ങളെ പ്രകാശപൂര്‍ണമാക്കുകയും ചരിത്രഗതിയില്‍ വിശ്വാസസാക്ഷ്യത്തിന്റെ നെടുങ്കോട്ടയായി നിലകൊള്ളുകയും ചെയ്ത കോഴിക്കോട് റോമന്‍ കത്തോലിക്കാ രൂപതയെ റോമിലെ പരിശുദ്ധ സിംഹാസനം അതിരൂപതയായി ഉയര്‍ത്തിയതിന് ദൈവത്തിന് കൃതജ്ഞതാസ്‌തോത്രം അര്‍പ്പിച്ച വടക്കന്‍ കേരളത്തിലെ വിശ്വാസിഗണത്തിന്റെയും വൈദിക-സന്ന്യസ്തവൃന്ദങ്ങളുടെയും ഭാരതസഭയുടെ മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയൊപോള്‍ദോ ജിറെല്ലി മുഖ്യകാര്‍മികത്വം വഹിച്ചു.
കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ പ്രഥമ മെത്രാപ്പോലീത്തയുമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് പാപ്പായുടെ ലാറ്റിൻ ഭാഷയിലുള്ള അപ്പസ്തോലിക തിരുവെഴുത്ത് മലപ്പുറം ഫൊറോന വികാരി മോൺ.വിൻസെൻ്റ് അറക്കലും ഇംഗ്ലീഷ് ഭാഷയിൽ കോഴിക്കോട് ഫൊറോന വികാരി മോൺ. ജെറോം ചിങ്ങംതറയും മലയാള പരിഭാഷ കോഴിക്കോട് അതിരൂപത ചാൻസലർ ഫാ.സജീവ് വർഗീസും വായിച്ചതോടെ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികന് മുന്നിൽ വിശ്വാസപ്രഖ്യാപനം നടത്തി. അപ പ്പസ്തോലിക നുൺ ഷ്യോ ആർച്ച് ബിഷപ്പ് ഡോ.ലെയോപോൾ ദോ ജിറെല്ലി കോഴിക്കോടിൻ്റെ പ്രഥമ മെത്രാപ്പോലിത്തക്ക് വേണ്ടി പ്രാർഥിച്ചു. തുടർന്ന് ആർച്ച്ബിഷപ് ചക്കാലക്കലിനെ മെത്രാപ്പോലീത്തയുടെ ഭദ്രാസനപീഠത്തിലേക്ക് ആനയിച്ചു.തുടർന്ന് സഹകാർമികരായ മെത്രാപ്പോലീത്തമാരും മെത്രാൻമാരും വൈദികപ്രതിനിധികളും ഫൊറോന വികാരിമാരും സന്യാസഭാ സുപ്പീരിയർമാരും ദൈവജനത്തിൻ്റെ പ്രതിനിധികളായ അല്മായപ്രതിനിധികളും ആർച്ച്ബിഷപ്പിന് മുന്നിൽ വിധേയത്വം പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് ഡോ. ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് വചനപ്രഘോഷണം നടത്തി. സിബിസിഐ പ്രസിഡന്റ് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സീറോമലബാര്‍ സഭയുടെ തലശ്ശേരി ആര്‍ച്ച്ബിഷപ്പും എറണാകുളം- അങ്കമാലി ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി,ആർച്ചുബിഷപുമാരായ മാർ തോമസ് കൂറിലോസ്, മാർ തോമസ് തറയിൽ, ബിഷപുമാരായ ജോഷ്വ മാർ ഇഗ്നാത്തിയോസ്, മാർ ജോസഫ് പണ്ടാരശേരിൽ, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാർ പീറ്റർ കൊച്ചുപുരക്കൽ, മാർ അലക്സ് താരാമംഗലം, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, വരാപ്പുഴ ആര്‍ച്ച്ബിഷപ്പും കോഴിക്കോട് രൂപതയുടെ മുന്‍ മെത്രാനുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ പ്രതിനിധാനം ചെയ്ത് വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി,ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, കോഴിക്കോട് അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
ദിവ്യബലിക്ക് ശേഷം നടന്ന അനുമോദന യോഗത്തിൽ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ തോമസ് ജെ.നെറ്റോ, തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്സ് വടക്കുംതല , സി എസ് ഐ മലബാർ രൂപത ബിഷപ് ഡോ. റോയ് സി മനോജ്, മന്ത്രി പി.എ മുഹമ്മദ് റിയാസ്, രാഘവൻ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്, ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.