വെള്ളയമ്പലം: സഭയുടെ ആരാധനാക്രമാഘോഷം അടയാളങ്ങളും പ്രതീകങ്ങളും വാക്കുകളും പ്രവൃത്തികളും കൊണ്ട് നെയ്യപ്പെട്ടതാണ്. അവയുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാനായാല്‍ കൂടുതല്‍ സജീവവും ഫലപ്രദവുമായി നമുക്ക് അതില്‍ പങ്കെടുക്കാനാകും. ഇന്ന് ദിവ്യബലിയര്‍പ്പണത്തില്‍ നാം കാണുകയും കേള്‍ക്കുകയും പറയുകയും ചെയ്യുന്നതുമായ കാര്യങ്ങള്‍ നമുക്ക് മനസ്സിലാകുന്നുണ്ടോ? ഇതിനുത്തരമാണ് ദിവ്യബലി ആഘോഷ ക്രമത്തിലെ വിവിധ ഭാഗങ്ങളും അതില്‍ കാണുന്ന പലതരം അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും പ്രവൃത്തികളുടെയും അര്‍ത്ഥം ലളിതമായ രീതിയില്‍ വിശദീകരിച്ചിരിക്കുന്ന ‘ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍: ദിവ്യബലി അര്‍ത്ഥവും അനുഭവവും’ എന്ന പുസ്തകം.
തിരുവനന്തപുരം അതിരൂപത അൽമായ ശുശ്രൂഷ മുൻഡയറക്ടർ അർക്കാഞ്ചലോ എം രചിച്ച് പ്രണത ബുക്സ് പ്രസിദ്ധികരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഏപ്രിൽ 10 വ്യാഴാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ നിർവ്വഹിച്ചു. കിഫ്ബി അഡീഷണൽ ചീഫ് എക്സിക്യൂട്ടിവ് മിനി ആന്റണി IAS അധ്യക്ഷത വഹിച്ച പകാശന ചടങ്ങിൽ ഗ്രന്ഥകർത്താവ് അർക്കാഞ്ചലോ എം സ്വാഗതമേകി. പുസ്തകത്തിന്റെ ആദ്യപ്രതി കേരള കാഷ്യൂബോർഡ് സി.എം.ഡി അലക്സാണ്ടർ IAS ആർച്ചുബിഷപ്പിൽനിന്നും ഏറ്റുവാങ്ങി. അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് പുസ്തകത്തെ പരിചയപ്പെടുത്തി. ഡോ. എസ്. റെയ്മൺ, റിജാം റാവുത്തർ KAS എന്നിവർ ആശംസകളും ഇഗ്നേഷ്യസ് തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
എന്താണ് ദിവ്യബലി, ദിവ്യബലിക്രമം, പ്രാരംഭകര്‍മ്മം, ദൈവവചനപ്രഘോഷണ കര്‍മ്മം, സ്‌തോത്രയാഗ കര്‍മ്മം, സ്‌തോത്രയാഗ പ്രാര്‍ത്ഥന, ദിവ്യകാരുണ്യ സ്വീകരണ കര്‍മ്മം, സമാപന കര്‍മ്മം, ദിവ്യബലിയും നമ്മുടെ ജീവിതവും, ആരാധനാക്രമം, ദിവ്യബലിയിലെ പ്രതീകങ്ങള്‍, തിരുവസ്തുക്കള്‍ എന്നിങ്ങനെ 12 അധ്യായങ്ങളാണ് പുസ്തകത്തിനുള്ളത്. തിരുവനന്തപുരം അതിരൂപത ശുശ്രൂഷാ കോര്‍ഡിനേറ്റര്‍ ഫാ. ലോറന്‍സ് കുലാസിന്റേതാണ് അവതാരിക. പന്ത്രണ്ട് അധ്യായങ്ങളിലൂടെ ദിവ്യബലിയുടെ അര്‍ഥവും പ്രസക്തിയും അതിഗഹനമായി എഴുത്തുകാരന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ദിവ്യബലി ആദിമധ്യാന്തം സമ്പൂര്‍ണമായ ഒരു ആരാധനാക്രമമാണ്. അപ്പോഴും ഈ സമ്പൂര്‍ണ്ണത ഒരു വിശ്വാസിക്ക് ഉള്‍ക്കൊള്ളുവാന്‍ തക്കവിധം നാല് ഘട്ടങ്ങളായി, സഭ തരംതിരിച്ചിട്ടുണ്ട്. ഈ നാല് ഭാഗങ്ങളും അവ ഉള്‍ക്കൊള്ളുന്ന വിവിധ ഘടകങ്ങളും ഏറെ ശ്രദ്ധേയമായി ഇവിടെ വിവരിക്കുന്നു. പുസ്തകം വാങ്ങുന്നതിനായി > 9349494919 (വാട്സാപ്പ്). (പുസ്തകം, വെള്ളയമ്പലം സെന്റ് പോൾസ് ബുക്സ് സ്റ്റാളിലും കോട്ടൺ ഹിൽ കാർമൽ ബുക്ക് സ്റ്റാളിലും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ബുക്ക് സ്റ്റാളിലും വെട്ടുകാട് കാർമൽ ബുക്ക് സ്റ്റാളിലും നിന്നും ലഭിക്കുന്നതാണ്.)


