തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്നു രാത്രി 12ന് അവസാനിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡിങ് സെന്ററുകളും മത്സ്യച്ചന്തകളും നിശ്ചലമാണ്. രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ സംയുക്ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കും. മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനനം പ്രക്രിയയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു, സിപിഐ, കോൺഗ്രസ് തുടങ്ങിയ സംഘടനകളും ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ ബ്ലൂ-ഇക്കണോമി സാമ്പത്തികനയത്തിനും കടൽഖനനത്തിന് അനുമതി നൽകാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി ഹർത്താൽ ആചരിക്കുന്നത്. കടലിലെ മണലും ധാതുസമ്പത്തും കോർപറേറ്റുകൾക്ക് എഴുതികൊടുക്കുന്ന കേന്ദ്ര നീക്കത്തെ നേരിടുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മണ്ണെടുക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആഴം കടലിൻ്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മാർച്ച് 12ന് പാർലമെൻ്റിലേക്ക് മാർച്ചും നടത്തുന്നുണ്ട്.