തിരുവനന്തപുരം: സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണവും സമ്പൂര്‍ണ്ണ സമ്മേളനവും ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കും. സഭയുടെ നയരൂപീകരണ സമിതിയായ കെആര്‍എല്‍ സിസിയുടെ നേതൃത്വത്തില്‍ രാവിലെ 9 30ന് സെമിനാറുകള്‍ തിരുവനന്തപുരം വെള്ളയമ്പലം ടിഎസ്എസ്എസ് ഹാളില്‍ ആരംഭിക്കും. സെമിനാറില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 1.45 ന് കെഎല്‍സിഎയുടെ സമ്പൂര്‍ണ്ണ സമ്മേളന ത്തോടനുബന്ധിച്ചുള്ള പതാക പ്രയാണം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കും. 2.30ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നേതൃസമ്മേളനം കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി സംഘടനാ പ്രവര്‍ത്തനം റിപ്പോര്‍ട്ട് അവതരിപ്പിക്കും.
മന്ത്രി ജി.ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ശശി തരൂര്‍ എം.പി, എം. വിന്‍സന്റ് എംഎല്‍എ, ബിജെപി പ്രതിനിധി വി.വി രാജേഷ്, രതീഷ് ആന്റണി (കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍), കെഎല്‍സിഡബ്ലിയുഎ പ്രസിഡന്റ് ഷെര്‍ലി സ്റ്റാന്‍ലി, സിഎസ്എസ് ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, കെഎല്‍എം പ്രസിഡന്റ് ബാബു തണ്ണിക്കോട്, പ്രബലദാസ് (ഡിസിഎംഎസ് സംസ്ഥാന ട്രഷറര്‍), ഹെയ്‌സല്‍ ഡിക്രൂസ് (ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷനുകളുടെ സംസ്ഥാന സെക്രട്ടറി), അനിഭാസ് (കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി) തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.