കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത് മരിയന്‍ തീര്‍ത്ഥാടനം നാളെ (സെപ്റ്റംബര്‍ 8) നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ എട്ടിന് വൈകുന്നേരം മൂന്നിന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിക്കും.
വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശിര്‍വദിച്ച പതാക അതിരൂപതയിലെ അല്മായ നേതാക്കള്‍ക്ക് ബിഷപ് കൈമാറും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാ പ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വൈകുന്നേരം 3.30ന് ആരംഭിക്കും.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും വരുന്ന ദീപശിഖയുമായി എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് ദൈവാലയനടയില്‍ സ്വീകരിക്കും. തുടര്‍ന്ന് 4.30 ന് ബിഷപ് ഡോ. ആന്റണി വാലുങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകും. ഫാ.സോബിന്‍ സ്റ്റാന്‍ലി പള്ളത്ത് വചന സന്ദേശം നല്‍കും. തുടര്‍ന്ന് എല്ലാ വിശ്വാസികളെയും വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കും.
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയും മഹാജൂബിലിതിരുനാള്‍ സെപ്റ്റംബര്‍ 29,30 ഒക്ടോബര്‍ ഒന്ന് തീയതികളിലും നടക്കും.