അതിരൂപതയിലെ സമർപ്പിത ദിനാചരണം ഫെബ്രുവരി രണ്ടാം തിയതി വെള്ളയമ്പലത്ത് നടക്കും. അതിരൂപതയിലെ പൊതു ശുശ്രൂഷകളിലും, ഫൊറോനകളിലും, ഇടവകകളിലുമായി സേവനമനുഷ്ടിക്കുന്ന വിവിധ സമർപ്പിത സഭാംഗങ്ങളും അതിരൂപതയും തമ്മിലുള്ള ബന്ധം വളർത്താനും ശക്തിപ്പെടുത്താനുമാണ് സന്യസ്ഥ ദിനാചരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
കോവിഡ് 19 കാരണം കഴിഞ്ഞ രണ്ട് വർഷമായി സന്യസ്ഥ ദിനം ആഘോഷിക്കാൻ കഴിയാത്തതിനാൽ, ഈ വർഷം കൂടുതൽ അർത്ഥവത്തായി സന്യസ്ഥ ദിനം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷത്തെ സന്യസ്ഥ ദിനാഘോഷങ്ങൾ ഫെബ്രുവരി 2-ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെന്ററിൽ ആരംഭിക്കും. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നേറ്റോ, അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തു ദാസ് ആർ എന്നിവർ സന്യസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കും.
അതിരൂപത ശുശ്രൂഷകൾക്കൊപ്പം സഹകരിക്കാനുള്ള വഴികളെയും മാർഗനിർദ്ദേശങ്ങളെയും അടിസ്ഥാനമാക്കി ഫാ. ജെയിംസ് കുലാസ്, അതിരൂപതയുടെ പ്രവർത്തനങ്ങൾ:ഇടവക -ഫെറോനാ തലങ്ങളിൽ എന്ന വിഷയത്തെപറ്റി ഫാ. ലോറൻസ് കുലാസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യും. വൈകുന്നേരം തിരുവനന്തപുരം ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. സൂസപാക്യം എം-ന്റെ മുഖ്യ കാർമികത്വത്തിൽ വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിയോടുകൂടി സന്യസ്ഥ ദിനാചാരണത്തിന് സമാപനമാകും.