മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം നടത്തുന്നതിൽ വിയോജിപ്പ് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് പൂന്തുറയിലെ ഇടവക വികാരി ഫാദർ ജോൺ എഴുതുന്ന കത്ത് വൈറലാകുന്നു. കത്തിന്റെ പൂർണ്ണരൂപം വായിക്കാം.
പ്രിയ മുഖ്യമന്ത്രിയോട് ഒരു അപേക്ഷ.
സെപ്റ്റംബർ 5 വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ വച്ച് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ ധനസഹായ വിതരണം നടത്തുന്നതായും അതിൻെറ ഉദ്ഘാടനം അങ്ങ് നിർവഹിക്കുന്നതായുമുള്ള പോസ്റ്ററും കാര്യപരിപാടികളും കണ്ടു. അതിൽ മനംനൊന്താണ് ഈ കുറിപ്പ് അങ്ങേയ്ക്ക് എഴുതുന്നത്.
ദയവായി അങ്ങ് അത് പരസ്യമായി ചെയ്യരുത്. അങ്ങ് നയിക്കുന്ന ഈ സർക്കാർ എന്തോ വലിയ കാര്യങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ചെയ്യുന്നു; ചെയ്തുകൊണ്ടിരിക്കുന്നു എന്ന് വരുത്തി തീർക്കാനും കേരള ജനതയെ അത് പരസ്യമായി അറിയിക്കാനും ഉള്ള തത്രപ്പാടാണെന്നും അതുവഴി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരത്തെ പറ്റുമെങ്കിൽ ഒന്ന് കൊഞ്ഞനം കാണിക്കാനും ആയിരിക്കും അങ്ങ് ഇതുവഴി ആഗ്രഹിക്കുന്നത്. ആയിക്കോട്ടെ. പക്ഷേ അങ്ങയുടെ ഈ രാഷ്ട്രീയ താൽപര്യത്തിന് ഗോഡൗണിൽ കിടക്കുന്ന മത്സ്യത്തൊഴിലാളികളെ ഏതാനും തുക നീട്ടി പരസ്യമായി അപമാനിക്കരുത്.
മനുഷ്യോചിതമല്ലാത്ത സിമൻറ് ഗോഡൗണിൽ കിടക്കുന്നവരാണെങ്കിലും ഇതുവരെ അവരുടെ മുഖം അജ്ഞാതമായിരുന്നു. ഏതാനും ചിലർ ദൃശ്യമാധ്യമങ്ങളിൽ സങ്കടം അടക്കിവെക്കാൻ കഴിയാതെ പ്രതികരിച്ചവർ ഒഴിച്ചാൽ.
അങ്ങയുടെ കാര്യപരിപാടികളിൽ ചിരിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ തലവെട്ടി വച്ച ഫോട്ടോകളും കണ്ടു. അങ്ങയുടെയും വകുപ്പ് മന്ത്രിമാരായ ശ്രീ. വി. അബ്ദുൽ റഹ്മാൻ, ശ്രീ. കെ. രാജൻ, ശ്രീ. ആൻറണി രാജു, ശ്രീ. അഹമ്മദ് തേവർ കോവിൽ, ശ്രീ. ശിവൻകുട്ടി, അഡ്വക്കേറ്റ് ആർ. ആർ. അനിൽ തുടങ്ങിയ നീണ്ട നിരയും ശ്രദ്ധയിൽപ്പെട്ടു. അഞ്ചുവർഷമായി ഈ പാവങ്ങൾ ഗോഡൗണിൽ കിടന്നിട്ടും ഒരു ദിവസം പോലും അവരെ ഒന്നു പോയി കാണാൻ സമയമില്ലാതിരുന്ന തിരക്കുപിടിച്ച ഇത്രയും അധികം മന്ത്രിമാർക്ക് ഇത്രയും വേഗത്തിൽ തട്ടികൂട്ടിയ ഈ പരിപാടിക്ക് ഒന്നിച്ച് എത്തുവാൻ മാത്രം സമയം ഉണ്ടായത്, മത്സ്യത്തൊഴിലാളികൾ സമരമുഖത്ത് ആയിരിക്കുന്ന ഈ സമയത്ത് ഒരു അത്ഭുതമായി തോന്നുന്നു.
പ്രിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇതുവരെ അവരുടെ മുഖം ആരും കണ്ടിട്ടില്ല. നാളെ നിങ്ങൾ മേലാളന്മാരായി വലിയ സ്റ്റേജിൽ മുന്തിയ കസേരയിലിരുന്ന് ചൊമന്ന പരവതാനി വിരിച്ച തിരുവനന്തപുരം ഹാളിൽ എല്ലാ പത്ര ദൃശ്യ ശ്രവണ മാധ്യമങ്ങളുടെ അകമ്പടിയോടെ ലൈവ് ന്യൂസ് ആയി കൊടുത്ത്, അവിടെ ഓരോരുത്തരെയും പേര് വിളിച്ച്, നിങ്ങളുടെ മുമ്പിൽ തലകുനിച്ച്, ഒരു പരേഡ് നടത്തി, അവരെയും അവരുടെ ദുരവസ്ഥയെയും പരസ്യമായി അപമാനിക്കാൻ ആണോ നിങ്ങളുടെ പദ്ധതി. ദയവായി ആ പാവങ്ങളെ വെറുതെ വിടുക. അവരുടെ ദാരിദ്ര്യവസ്ഥയെ പരസ്യമായി അപമാനിക്കരുത്. ഇതൊരു അപേക്ഷയാണ്. അവരുടെ മുഖം ടിവിയിലും പത്രത്തിലും കാണാനുള്ള മന:ശേഷി ഇല്ലാത്തതുകൊണ്ടാണ് ഒരു മത്സ്യത്തൊഴിലാളിയുടെ മകനും സമരത്തിൽ പങ്കെടുക്കുന്ന ഒരു പുരോഹിതനും എന്ന നിലയിൽ അങ്ങയോട് ഞാൻ അപേക്ഷിക്കുന്നത്.
ഈ മനുഷ്യത്വ ധ്വംസനത്തിന്റെ അഞ്ചുവർഷം കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് അങ്ങേയ്ക്ക് എന്തെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുണ്ടെങ്കിൽ, ആളെ കൂട്ടാതെ അഹങ്കാരവും ആർഭാടവും കാട്ടാതെ ശബ്ദകോലാഹലങ്ങളുടെ അകമ്പടിയില്ലാതെ അവരെ സന്ദർശിച്ച് കൈകൂപ്പി മാപ്പപേക്ഷിച്ച് രഹസ്യമായി ആ തുക കൈമാറുക. ആ പ്രവർത്തി മത്സ്യത്തൊഴിലാളികൾക്കും ഒപ്പം മനുഷ്യസ്നേഹികൾക്കും ഒരാശ്വാസം ആയിരിക്കും, തീർച്ച.
ഫാ. എ. ആർ. ജോൺ.
പൂന്തുറ ഇടവക വികാരി.