നവംബർ മാസത്തെ ഫ്രാൻസീസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം
വത്തിക്കാന്‍ സിറ്റി: അജഗണത്തെ വിശ്വാസത്തിൽ നയിക്കാൻ ആഗോള വിശ്വാസി സമൂഹത്തോട് പ്രാർത്ഥന സഹായവുമായി ഫ്രാന്‍സിസ് പാപ്പ. നവംബര്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ 31-ന് വൈകുന്നേരമാണ് സ്പാനിഷ് ഭാഷയിലുള്ള പാപ്പയുടെ വീഡിയോ സന്ദേശത്തോടുകൂടിയ ഈ പ്രാർത്ഥനാനിയോഗം പരസ്യപ്പെടുത്തിയത്. തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത പാപ്പ, ഈ പ്രാർത്ഥന തനിക്ക് ശക്തി പ്രദാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് കാര്യങ്ങൾ വിവേചിച്ചറിയാനും സഭയെ അനുയാത്ര ചെയ്യാന്‍ തന്നെ സഹായിക്കുമെന്നും പറഞ്ഞു.
ഒരാൾ പാപ്പയായി എന്നതുകൊണ്ട് അയാൾക്ക് മനുഷ്യത്വം നഷ്ടപ്പെടില്ല. പ്രത്യുത, ദൈവത്തിൻറെ വിശുദ്ധരും വിശ്വസ്തരുമായ ജനതയോടുചേർന്ന് തൻറെ മാനവികതയിൽ അയാൾ അനുദിനം വളരുന്നു. നമ്മുടെ പിതാവായ ദൈവത്തെപ്പോലെ, പത്രോസിൻറെ പിൻഗാമി കൂടുതൽ സ്നേഹവും കരുണയും, ക്ഷമയും ഉള്ളവനായിരിക്കാൻ പഠിക്കുന്നു. കഠിനമായി വിധിക്കപ്പെടുമെന്ന അവബോധത്താൽ എല്ലാ പാപ്പമാർക്കും അവരുടെ പേപ്പല്‍ സ്ഥാനത്തിൻറെ തുടക്കത്തിൽ, ഈ ഭയവും അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്ന് തനിക്ക് ഊഹിക്കാൻ കഴിയും.
പാപ്പ ആരായാലും അദ്ദേഹത്തിന് പരിശുദ്ധാത്മാവിൻറെ സഹായം ലഭിക്കാനും, ആ സഹായത്തോടു തുറവുള്ളവനായിരിക്കാനും വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. യേശു ഭരമേല്പിച്ച അജഗണത്തെ എന്നും പരിശുദ്ധാത്മാവിൻറെ സഹായത്തോടുകുടി വിശ്വാസത്തിൽ അനുനയിക്കാൻ തൻറെ ദൗത്യനിർവ്വഹണത്തിൽ പാപ്പയ്ക്ക് കഴിയുന്നതിനു വേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനത്തോടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്.