രോഗാവസ്ഥയിലായിരിക്കുന്ന തന്റെ മുൻഗാമിയായ ബെനഡിക്ട് എമെരിറ്റസ് പാപ്പായ്ക്കുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു. ഡിസംബർ ഇരുപത്തിയെട്ട് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ് തന്റെ മുൻഗാമിക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.
ബെനഡിക്ട് പിതാവിനെ ആശ്വസിപ്പിക്കാനും, സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യമായി അദ്ദേഹത്തിന്റെ ജീവിതത്തെ അവസാനനിമിഷം വരെ പരിപാലിക്കുവാനും വേണ്ടി ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാമെന്നാണ് പാപ്പാ പറഞ്ഞത്. പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യവെയാണ് എമെറിറ്റസ് പാപ്പായുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പരാമർശിച്ചത്.
നിശബ്ദമായി സഭയെ പിന്തുണച്ചുകൊണ്ടാണ് ബെനഡിക്ട് പാപ്പാ തന്റെ ജീവിതം നയിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അദ്ദേഹം ഏറിയ രോഗാവസ്ഥയിലാണെന്നും പാപ്പാ വ്യക്തമാക്കി. ബെനഡിക്ട് പിതാവിന്റെ ആരോഗ്യത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി, പ്രായാധിക്യം മൂലമുള്ള അവസ്ഥയിൽ, കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ ബെനഡിക്ട് എമെരിറ്റസ് പാപ്പായുടെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നും, എന്നാൽ ഡോക്ടർമാരുടെ തുടർച്ചയായ മേൽനോട്ടത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ നിയത്രണവിധേയമാണെന്നും, വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി വ്യക്തമാക്കി.
പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷം ഫ്രാൻസിസ് പാപ്പാ ബെനെഡിക്ട് എമെരിറ്റസ് പാപ്പായെ സന്ദർശിച്ചതായും മത്തെയോ ബ്രൂണി അറിയിച്ചു.