വത്തിക്കാൻ: മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. രോഗശമനത്തിനുള്ള സാധ്യത കുറവാണെന്നിരിക്കിലും, മരണാസന്നരായ ആളുകൾക്ക് നൽകേണ്ടുന്ന ശ്രദ്ധയും, പരിചരണവും നൽകുന്ന കാര്യത്തിൽ കുറവുകളൊന്നും സംഭവിക്കരുതെന്ന ഓർമ്മപ്പെടുത്തലും പാപ്പാ തന്റെ പ്രാർത്ഥനാനിയോഗത്തിലൂടെ നൽകുന്നു.
രോഗശമനത്തിനുള്ള സാധ്യത കുറവാണെങ്കിലും, ഓരോ രോഗിക്കും ആതുരവും, മാനസികവും , ആത്മീയവും, മാനുഷികവുമായ പരിചരണത്തിനും സഹായത്തിനുമുള്ള അവകാശമുണ്ടെന്നു പാപ്പാ അടിവരയിട്ടു പറയുന്നു. സംസാരിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലും ഓരോ രോഗിയും നമ്മെ തിരിച്ചറിയുന്നുണ്ടെന്നും, അത് മനസ്സിലാക്കണമെങ്കിൽ അവരുടെ കൈകൾ നമ്മുടെ കരങ്ങളോട് ചേർത്തുവയ്ക്കണമെന്നും പാപ്പാ പറഞ്ഞു. രോഗശാന്തി അസാധ്യമായ സാഹചര്യങ്ങളിലും, രോഗികളെ പരിചരിക്കുവാൻ നമുക്ക് സാധിക്കണമെന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ അടിവരയിട്ടു, “സാധ്യമെങ്കിൽ ചികിത്സിക്കുക എന്നാൽ എപ്പോഴും പരിചരിക്കുക.” ഈ ഒരു അവസ്ഥയിൽ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്, വൈദ്യസഹായം മാത്രമല്ല, മാനുഷികമായ അടുപ്പവും, സഹായവും നൽകുന്ന ഇത്തരം സംവിധാനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.