വ്യക്തികേന്ദ്രീകൃതമായ സമൂഹം അതിലെ മുതിർന്ന അംഗങ്ങളോട് പെരുമാറുന്നതെങ്ങനെയെന്ന് കാണുമ്പോൾ ആശങ്കയുണ്ടെന്നും മുത്തശ്ശീ– മുത്തശ്ശന്മാരുടെ ആദ്യ ലോക ദിനത്തിൽ, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അവർക്ക് സ്നേഹവും ശ്രദ്ധയും നൽകണമെന്ന് അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു.
“നിരന്തരം യാത്രചെയ്യുന്ന, നാടുമാറുന്ന ഒരു സമൂഹത്തെ കാണുമ്പോൾ വിഷമം തോന്നുന്നു, ഒരു നോട്ടത്തിനോ, അഭിവാദനത്തിനോ, ആലിംഗനത്തിനോ പോലും സമയം കണ്ടെത്താതെ, സ്വന്തം കാര്യങ്ങളിൽ മാത്രമാണ് പലരും വ്യാപൃതരായിരിക്കുന്നത്,”പാപ്പായെ പ്രതിനിധീകരിച്ച് ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ദിവ്യബലി മധ്യേ വായിച്ച പാപ്പായുടെ സന്ദേശത്തിൽ പറഞ്ഞു.
“നമ്മുടെ സ്വന്തം ജീവിതത്തെ പോഷിപ്പിച്ച നമ്മുടെ മുത്തശ്ശീ- മുത്തശ്ശന്മാർ, ഇപ്പോൾ നമ്മുടെ ശ്രദ്ധയ്ക്കും സ്നേഹത്തിനും വേണ്ടി വിശക്കുന്നു; അവർ നമ്മുടെ സാമിപ്യത്തിനായി കൊതിക്കുന്നു. യേശു നമ്മെ കാണുന്നതുപോലെ നമുക്ക് കണ്ണുകൾ ഉയർത്തി അവരെ കാണാം, ” സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സന്നിഹിതരായിരുന്ന 2500 ഓളം മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും മക്കൾക്കും കൊച്ചുമക്കൾക്കുമായി വായിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആദരവ് സന്ദേശം.
നവസുവിശേഷവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പോന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് ഫിസിചെല്ലയാണ് ദിവ്യബലിക്ക് മുഖ്യകാർമ്മികനായിരിക്കുകയും പാപ്പായുടെ സന്ദേശം വായിക്കുകയും ചെയ്തത്.
ജൂലൈ 4 ന് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ സുഖം പ്രാപിച്ചു വരികയാണ്. ജൂലൈ മാസത്തിൽ, പാപ്പാ സാധാരണഗതിയിൽ പൊതു കൂടിക്കാഴ്ചകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാറില്ല , എങ്കിലും അദ്ദേഹം തന്റെ പ്രതിവാര ഞായർ ഏഞ്ചലുസ് പ്രസംഗം ഇപ്പോഴും തുടരുന്നുണ്ട്.
പാപ്പയുടെ ഇന്നത്തെ സന്ദേശം, വിശുദ്ധ യോഹന്നാന്റെ സുവിശേഷ ഭാഗത്തെക്കുറിച്ചായിരുന്നു.
അവശേഷിക്കുന്ന അപ്പം മുഴുവൻ ശേഖരിക്കാൻ യേശു ശിഷ്യന്മാരോട് നിർദ്ദേശിച്ചതിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറഞ്ഞു “ഇത് ദൈവത്തിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്നു,” അദ്ദേഹം പറഞ്ഞു. “ഒരു ചെറിയ അപ്പത്തുണ്ടുപോലും വലിച്ചെറിയപ്പെടേണ്ടതല്ല ”. “നമുക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അവൻ തരുന്നു മാത്രമല്ല, അല്പം പോലും ഉപയോഗശൂന്യമായി പോകുന്നതിൽ ദൈവം ആശങ്കപ്പെടുന്നുമുണ്ട് .”
“ഒരു കഷണം റൊട്ടി നമുക്ക് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം, പക്ഷേ ദൈവത്തിന്റെ ദൃഷ്ടിയിൽ, ഒന്നും വലിച്ചെറിയപ്പെടേണ്ടവയല്ല . , ഒരോ വ്യക്തിയെയും വിലയോടെ കാണേണ്ടതാണ് , ”അദ്ദേഹം പറഞ്ഞു, നമ്മുടെ മുത്തശ്ശിമാരും പ്രായമായവരും“ ജീവിതത്തിൽ നിന്നും ഉപേക്ഷിക്കപ്പെടേണ്ട, അവശിഷ്ടങ്ങളല്ല ”.
ജനുവരി മാസത്തിലായിരുന്നു ഫ്രാൻസിസ് പാപ്പ മുത്തശ്ശിമാർക്കും മുതിർന്നവർക്കുമായി ലോക ദിനം സ്ഥാപിച്ചത്, യേശുവിന്റെ മുത്തശ്ശിമാരായ വിശുദ്ധ ആന്നയുടെയും ജൊവാക്കിമിന്റെയും തിരുന്നാളിനോടനുബന്ധിച്ച് വർഷം തോറും ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ഇനി മുതൽ വർഷാവർഷം ഈ ദിനമാഘോഷിക്കുക. മത്തായി 28: 20-ൽ നിന്ന് എടുത്ത “ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്” എന്നതായിരുന്നു ഈ വർഷത്തെ മുത്തശ്ശിമാരുടെ ദിവസത്തിന്റെ തീം.
“ഇവിടെ മനോഹരമായ എന്തോ ഒന്ന് ഉണ്ട്. നിങ്ങളുടെ പ്രാർത്ഥന വളരെ വിലപ്പെട്ടതാണ് : അടിയന്തിരമായി സഭയ്ക്കും ലോകത്തിനും ആവശ്യമുള്ള ശ്വാസവായുവാണത്. ഈ വർഷത്തെ ആഘോഷത്തിന് മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തിൽ, വൃദ്ധരെ അവരുടെ വാർദ്ധക്യത്തിലും സുവിശേഷം പ്രചരിപ്പിക്കുന്നത് തുടരുവാനാണ് പാപ്പാ ആവശ്യപ്പെട്ടത്.