കൊങ്കൺ പ്രദേശത്ത് നാലുപതിറ്റാണ്ടിനിടയിൽ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ കത്തോലിക്കാ രൂപതകൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി മുന്നിട്ടിറങ്ങി. ദിവസങ്ങളായി തുടരുന്ന മഴയിൽ ഇതുവരെ 136 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
വെള്ളപൊക്കത്തിൽ മുങ്ങിയ വീടുകളിലേക്കെത്താൻ ദുർഘടമായ ഭൂപ്രകൃതി രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാകുന്നുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്ത് നാല് ദശകത്തിനിടെ ഏറ്റവും കൂടുതൽ മഴ പെയ്തത് ഈ ജൂലൈയിലാണെന്നു കാലാവസ്‌ഥാ വിദഗ്ധർ പറയുന്നു. പ്രളയസമാനമായ മഴ ലക്ഷക്കണക്കിന് ആളുകളെ സാരമായി ബാധിച്ചു. പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്ന അവസ്‌ഥയിലാണ്..
മഴക്കെടുതി മൂലമുണ്ടായ പ്രകൃതിദുരന്തത്തിൽ റെയ്ഗഡ് ജില്ലയിൽ കട്കരി ഗോത്രവിഭാഗത്തിൽ പെട്ട 49 പേർ മരിച്ചു. ബോംബെ അതിരൂപതയുടെ മിഷൻ മേഖലയാണ് കട്കരി ഗോത്രവിഭാഗങ്ങൾ ഉൾപ്പെടുന്ന റെയ്ഗഡ് ജില്ല.
സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ബോംബെ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. മഴക്കെടുതി അതിരൂപതയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത ജീവഹാനിയും വിളകൾക്കും വീടുകൾക്കും ഉൾപ്പെടെ നാശനഷ്ടമുണ്ടാക്കിയതായി അദ്ദേഹം സൂചിപ്പിച്ചു.
ദുരന്തബാധിതരുടെ വേദനയിൽ പങ്കുകൊള്ളുകയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്ത കർദിനാൾ, പ്രവർത്തനങ്ങളിൽ കത്തോലിക്കാ സഭ വിവിധ തലങ്ങളിൽ തീവ്രമായി ഇടപെടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു..
ദുരന്ത ബാധിതർക്ക് ആവശ്യമായ അവശ്യ വസ്തുക്കൾ, അടിയന്തിര മെഡിക്കൽ ടീമുകൾ, രൂപതയുടെ വിവിധ ശുശ്രൂഷ പ്രതിനിധികൾ എന്നിവരുടെ സേവനം ദുരന്ത ബാധിത മേഖലകളിൽ ലഭ്യമാക്കിയതായി ബോംബെ അതിരൂപതയുടെ സാമൂഹ്യസേവന സംവിധാനമായ ജൻ കല്യാൺ ട്രസ്റ്റിന്റെ ചുമതലയുള്ള ഫാ. പ്രവീൺ ഡിസൂസ പറഞ്ഞു.
ദുരന്തത്തെക്കുറിച്ച് കർദിനാളിനെ അറിയിച്ചയുടനെ, എല്ലാ വിശ്വാസികളും ദുരന്തബാധിതരുടെ സഹായത്തിനായി മുന്നോട്ടു വരണമെന്നും ഓടിയെത്തണമെന്നും പ്രായമായവർക്കും കുട്ടികൾക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ആശ്വാസം നൽകാനും ഭവനരഹിതരായ ആയിരക്കണക്കിന് ആളുകൾക്ക് അഭയകേന്ദ്രങ്ങൾ തുറനുനൽകാനും അദ്ദേഹം അഭ്യർത്ഥിച്ചതായി ഫാ. പ്രവീൺ സൂചിപ്പിച്ചു.
ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിൽ വലിയ നാശമാണ് സിന്ധുദുർഗ് ജില്ലയിലുണ്ടായതെന്നു സിന്ധുദുർഗ് രൂപതയിലെ ഫാ. മെൽവിൻ പയസ് പറഞ്ഞു. മഹാരാഷ്ട്രയിലെ തെക്കുപടിഞ്ഞാറൻ മേഖല ഉൾപ്പെടുന്ന രൂപതയിലെ താഴ്ന്ന പ്രദേശങ്ങളിൽ അതിരാവിലെ പെയ്ത മഴയിൽ വെള്ളപ്പൊക്കത്താൽ നിറഞ്ഞു.
നിരവധി പേരാണ് ഈ മേഖലയിൽ ഭവനരഹിതരായത്. ഗോവ-ദാമൻ അതിരൂപതയ്ക്ക് കീഴിലാണ് സിന്ധുദുർഗ് രൂപത.