വത്തിക്കാൻ: സീറോ-മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി റോമിൽ സന്ദർശനത്തിനെത്തുന്ന മാർ റാഫേൽ തട്ടിലും സംഘവും റോമിലുള്ള സീറോ മലബാർ സഭയുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മെയ് 13ന് ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു. സന്ദർശനത്തിനെത്തിയ സമൂഹത്തിനു നൽകിയ സന്ദേശത്തിൽ, അവരുടെ വിശ്വാസത്തിന്റെ പുരാതന വേരുകളെക്കുറിച്ച് സംസാരിച്ച പാപ്പാ, സഭയിലെ ഐക്യത്തിനു വേണ്ടി പ്രാർത്ഥനയും പ്രവർത്തനവും സമന്വയിപ്പിക്കാൻ ആവശ്യപ്പെട്ടു.
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കൂദാശയായ പരിശുദ്ധ കുർബ്ബാനയോടു ഗുരുതരമായ ബഹുമാനക്കേട് കാണിക്കുന്നത് ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ലെന്നും പാപ്പ ഓർമിപ്പിച്ചു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകം മുഴുവനിലും സീറോ മലബാർ സഭയുടെ ഉള്ളിൽ തന്നെ ഐക്യമുണ്ടാകുവാനായി പ്രത്യേകം പ്രാർത്ഥിക്കാനും പാപ്പാ അഭ്യർത്ഥിച്ചു.