ഇറ്റലിയിലെ പെറുജിയ പ്രവിശ്യയിലെ ആശുപത്രിയിൽ രോഗികളായി കഴിയുന്ന കുഞ്ഞുങ്ങൾ ഫ്രാൻസിസ് പാപ്പായ്ക്ക് അയച്ച കത്തിന്, തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട് പാപ്പാ മറുപടി നൽകി. കുഞ്ഞുങ്ങൾ കത്തിൽ രേഖപ്പെടുത്തിയ അവരുടെ നല്ല വാക്കുകൾക്കും, ആശംസകൾക്കും, സ്‌നേഹത്തിനും പാപ്പാ പ്രത്യേകമായി നന്ദി പ്രകാശിപ്പിച്ചു. അതോടൊപ്പം പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് രോഗികളായ കുഞ്ഞുങ്ങളെ പാപ്പാ ഭരമേല്പിക്കുകയും, വേദനയുടെ ഇരുളു നിറഞ്ഞ ഈ നിമിഷങ്ങളിലും, പ്രകാശത്തിന്റെ കിരണം കാണുവാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു.
ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിചരണം നൽകുന്ന ആശുപത്രിയാണ് പെറൂജിയയിലേത്. കുട്ടികളുടെ പരിചരണ വിഭാഗത്തെ ‘മഴവില്ലിന്റെ സ്കൂൾ’ എന്നാണ്, കത്തിൽ പാപ്പായ്ക്ക് പരിചയപ്പെടുത്തിയത്. രോഗത്തോടുള്ള ഏറ്റുമുട്ടലുകൾക്കും, ബുദ്ധിയുടെ വികാസത്തിനായുള്ള പഠനത്തിനും, വിദ്യാലത്തിന്റെ പ്രാധാന്യവും പാപ്പാ തന്റെ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും, അവരെ പരിചരിക്കുന്ന എല്ലാവർക്കും പാപ്പാ തന്റെ കത്തിൽ നന്ദി അറിയിച്ചു. എല്ലാവർക്കും തന്റെ പ്രാർത്ഥനകളും പാപ്പാ വാഗ്ദാനം ചെയ്തു.