പരുത്തിയൂർ: പരുത്തിയൂർ ഇടവക വചനമാസാചരണം അർത്ഥവത്താക്കുവാൻ 11 വാർഡുകളിലും ഡിസംബർ 28 ഞായറാഴ്ച വചന വിഷയം നൽകി വചന ഘോഷയാത്ര നടത്തി. സൃഷ്ടി കർമം, ആദവും ഹവ്വായും, നോഹയും പെട്ടകവും, അബ്രാഹത്തിന്റെ വിളി, കത്തുന്ന മുൾപ്പടർപ്പ്, ചെങ്കടൽ കടക്കുന്നു, ദാവീദും ഗോലിയാത്തും, മംഗളവാർത്ത, യേശുവിന്റെ ജനനം, യേശുവിന്റെ മരണം, ഉയിർത്തെഴുന്നേൽപ്പ്, എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് വചന ഘോഷയാത്ര നടത്തിയത്. ഓരോ വാർഡുകളും തയ്യാറാക്കിയ സ്റ്റേഷനുകളിൽ എത്തുമ്പോൾ പ്രസ്തുത വചനഭാഗം എല്ലാവരും ഒന്നുചേർന്നു വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിശ്വാസികൾ മുഴുവനും ബൈബിൾ കൈകളിലേന്തി വചന ഘോഷയാത്രയിൽ പങ്കെടുത്തതും വചനം ഒന്നുചേർന്ന് വായിച്ചതും അനുഭവവേദ്യമായി. ഇടവകസമൂഹം മുഴുവനും വചനം പ്രഘോഷിക്കുന്നത് വചനത്തിന്റെ നിറവിൽ വളരുവാനും ജീവിതത്തെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാനും സഹായിക്കുമെന്ന് ഇടവകവികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് പറഞ്ഞു. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. വിശാൽ മുഖ്യകാർമികത്വം വഹിച്ചു. സഹവികാരി ഫാ. സിൽവദാസൻ, സിസ്റ്റേഴ്സ്, ബ്രദേഴ്സ്, ഇടവക കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു.

