പാലപ്പൂര്: കോവളം ഫൊറോനയിലെ പാലപ്പൂര് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ “എഫക്ടീവ് പാരന്റിങ്” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. നവംബർ 23 ഞായറാഴ്ച നടന്ന ക്ലാസ് സിസ്റ്റർ ലിറ്റിൽ തെരേസ ഉദ്ഘാടനം ചെയ്തു. ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ ക്ലാസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമാക്കി. റിട്ടയേർഡ് പ്രൊഫസർ ദയാനന്ദൻ “എഫക്ടീവ് പാരന്റിങ്” എന്ന വിഷയത്തെ കുറിച്ച് നടന്ന ക്ലാസിന് നേതൃത്വം നൽകി. മക്കളുടെ ശാരീരികവും മാനസികവും സാമൂഹികവും ഭൗതികവുമായ വളർച്ചയിൽ മാതാപിതാക്കളുടെ ഇടപെടലുകളെയും സ്വാധീനം പാരമ്പര്യ രക്ഷകർതൃത്വവും സൗമ്യതയാർന്ന രക്ഷകർതൃത്വവും തമ്മിലുള്ള വ്യത്യാസം, അതിലെ വിവിധ ഘടകങ്ങൾ മാതാപിതാക്കളുടെ പങ്ക് എന്നിവയെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ദിവ്യാ ദാനിയേൽ സ്വാഗതവും വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗവും റിട്ടയേർഡ് അധ്യാപികയുമായ ലീല കൃതജ്ഞതയും പറഞ്ഞു. ഇടവക ബിസിസി കോഡിനേറ്റർ ജോയി, ഇടവക കൗൺസിൽ സെക്രട്ടറി ജോയി സ്റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു.

