കണ്ണാന്തുറ വിശുദ്ധ പത്രോസിന്റെ നാമത്തിൽ സ്ഥാപിതമായ ദേവാലയത്തിൽ ഫെബ്രുവരി 22 ഞായറാഴ്ച അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടയ സന്ദർശനം നടത്തി. ഇടവകയ്ക്ക് ആത്മീയോന്മേഷം പകർന്ന സന്ദർശനത്തിൽ വിശ്വാസികളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി. പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയിൽ ഇടവകയിലെ 134 കുട്ടികൾ സ്ഥൈര്യലേപന കൂദാശ സ്വീകരിച്ച് വിശ്വാസജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നു.
ഇടവക ജനങ്ങൾ വിശ്വാസപൂർവം തയ്യാറാക്കിയ ബൈബിൾ കൈയെഴുത്ത് പ്രതിയുടെ പ്രകാശന കർമ്മവും ദിവ്യബലി മധ്യേ നടന്നു. ദിവ്യബലിക്ക് ശേഷം സെമിത്തേരി വെഞ്ചിരിപ്പും കടൽ വെഞ്ചിരിപ്പും ഭക്തിപൂർവ്വം നടന്നു. തുടർന്ന് പള്ളിയങ്കണത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ആശിർവാദ കർമ്മവും ആർച്ച്ബിഷപ് നടത്തി. ഇടയ സന്ദർശനത്തിന്റെ ഭാഗമായി മതബോധന വിദ്യാർത്ഥികൾ, അധ്യാപകർ, പാരിഷ് കൗൺസിൽ, ഫിനാൻസ് കൗൺസിൽ, ഇടവക ജനറൽ ബോഡി അംഗങ്ങൾ എന്നിവരുമായി ആർച്ച്ബിഷപ് കൂടിക്കാഴ്ച നടത്തി.

