പുതിയതുറ: ലോകം കമ്പ്യൂട്ടർവത്കരണത്തിലൂടെ ക്രിത്രിമബുദ്ധിയിലേക്ക് സാങ്കേതികമായി വളരുമ്പോൾ അതിനനുസരിച്ച് പുതിയ തലമുറയെ കൈപിടിച്ച് നടത്താൻ പുതിയതുറ സെന്റ്. നിക്കോളാസ് എൽ. . പി സ്കൂളും. നിലവിലുണ്ടായിരുന്ന കമ്പ്യൂട്ടർ ലാബിൽ ശീതികരണ സംവിധാനമൊരുക്കി പുതിയ 10 കമ്പ്യൂട്ടറുകളും മറ്റ് പശ്ചാത്തല സൗകര്യങ്ങളുമൊരുക്കി കാലികമായി നവീകരിച്ചു. നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥികൂടിയായ ആർച്ച്ബിഷപ് തന്റെ ബാല്യകാല സ്മരണകൾ കുട്ടികൾക്കുമുമ്പിൽ പങ്കുവച്ചത് ഹൃദ്യമായ അനുഭവമായി.
സ്കൂൾ മാനേജറും പുതിയതുറ ഇടവക വികാരിയുമായ ഫാ. ഗ്ലാഡിൻ അലക്സിന്റെ നേതൃത്വത്തിൽ നാട്ടിലെ സുമനസുകളുടെയും സ്കൂൾ അധ്യാപകരുടെയും സഹായത്തോടെയാണ് ആധൂനികവത്കരിച്ച കമ്പ്യൂട്ടർ ലാബ് സാക്ഷാത്കരിച്ചത്. ഫാ. ഗ്ലാഡിൻ അലക്സിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ. യൂജിൻ നിക്കൊളാസ്, സഹ വികാരി ഫാ. ഫ്രെഡി വർഗീസ്, ഇടവക വിദ്യാഭ്യാസ കൺവീനർ ശ്രീമതി ജോളി സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേരി ശാലിനി എന്നിവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ വിശിഷ്ടാഥിതിയായെത്തിയ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ 1968 ൽ ഈ സ്കൂളിൽ പ്രവേശനം നേടിയതിന്റെ വിവരങ്ങൾ അടങ്ങുന്ന രേഖ ആലേഖനം ചെയ്ത ഫലകം ഹെഡ്മിസ്ട്രസ് ഹെക്സി ലോപ്പസ് സമ്മാനിച്ചു.