നീലജലത്തിനു കീഴെ വിശ്വാസത്തിലേക്കുള്ള വിളിയായി . . .
തെക്കൻ ഇറ്റലിയിലെ ഗാർഗാനോ പർവതനിരകളുടെ തീരത്തുള്ള ട്രെമിറ്റി ദ്വീപസമൂഹം 1998 ഒക്ടോബർ 3-ന് വി. ഫ്രാൻസിസിന്റെ സ്വർഗപ്രവേശ തിരുനാൾ ദിനത്തിൽ അനുഗ്രഹീതമായ ഒരു സംഭവത്തിന് ആതിഥേയത്വം വഹിച്ചു. മിമ്മോ നോർസിയ എന്ന ശിൽപി തന്റെ അത്ഭുത കരങ്ങളാൽ ഒരു ഫ്രാൻസിസ്കൻ ദിവ്യപുരുഷന്റെ പ്രതിമ നിർമിച്ചു. പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ വി. പാദ്രെ പിയോയുടെ അത്ഭുതംകൂറുന്ന പ്രതിമയാണ് അന്ന് അവിടെ സ്ഥാപിക്കപ്പെട്ടത്. അടുത്തിടെ ഫേസ്‌ബുക്കിൽ ഒരു ഫ്രാൻസിസ്കൻ സമൂഹം ഈ പ്രതിമയുടെ ചിത്രങ്ങൾ പങ്കുവച്ചത് നിമിഷനേരം കൊണ്ടാണ് ഹിറ്റ് ആയത്.
ഇറ്റലിയിലുടനീളം അദ്ദേഹത്തിന്റെ ഒട്ടേറെ പ്രതിമകൾ ഉണ്ടെങ്കിലും, രാജ്യത്തിൻറെ ചരിത്രത്തിൽ ആർക്കും അവകാശപ്പെടാനാകാത്ത സവിശേഷത ഈ പ്രതിമയ്ക്കുണ്ട് : ഇത് കടലിനടിയിൽ 14 മീറ്റർ ആഴത്തിൽ സ്ഥാപിച്ചിരിക്കുകയാണ്.
80-സെന്റീമീറ്റർ വ്യാസമുള്ള പീഠത്തിനു മേലാണ് പ്രതിമ സ്‌ഥാപിച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും ശ്രദ്ധേയമായ അധോജല (underwater) പ്രതിമകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. വലിപ്പത്തേക്കാൾ പ്രതിമയെ കടൽവെള്ളത്തിൽ താങ്ങിനിർത്തുന്നതിന് ആവശ്യമായ സങ്കീർണ്ണമായ സാങ്കേതിക പിൻബലം പ്രതിമകളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു നേട്ടമായിരുന്നു.
ശില്പിയായ നോർസിയക്ക് ഈ കലാസൃഷ്ടി പൂർത്തിയാക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. പാദ്രെ പിയോ തന്റെ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച ഗാർഗാനോ പർവതനിരകൾക്ക് സമീപം ജനിച്ചുവളർന്ന വ്യക്തിയാണ് അദ്ദേഹം. വളരെക്കാലമായി അദ്ദേഹം തന്റെ ആഗ്രഹപൂർത്തീകരണത്തിനായി പ്രവർത്തിച്ചു. വിശുദ്ധനെയും ഗാർഗാനോ മലനിരകളെയും ട്രെമിറ്റി ദ്വീപസമൂഹത്തെയും എന്നിവയെ ആഴത്തിൽ ഇഷ്ടപെടുന്ന വ്യക്തിയെന്ന നിലയിൽ ഈ കലാസൃഷ്ടി അദ്ദേഹത്തിന് സ്വപ്നസാക്ഷാത്കാരം തന്നെയാണ്. തന്റെ ചെറുപ്പം മുതലേ, “അഗാധത്തിലെ അത്ഭുതം” എന്ന് താൻ വിശേഷിപ്പിക്കുന്ന പാദ്രെയുടെ പ്രതിമ നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നു.
ഈ കലാകാരന്റെ മഹത്തായ നേട്ടത്തിനു പിന്നാലെ ലോകമെമ്പാടും ഇപ്പോൾ വെള്ളത്തിനടിയിൽ പ്രതിമകൾ സ്‌ഥാപിക്കുന്ന പാരമ്പര്യം പിന്തുടർന്ന് വരികയാണ്. പുരാതന ഗ്രീക്ക് കാലം മുതൽ, ക്രിസ്ത്യാനികൾക്ക് മുമ്പുള്ള ആളുകൾ ദേവന്മാരുടെ പ്രതിമകൾ സ്‌ഥാപിച്ചു നാവികരുടെ സംരക്ഷണം തേടിയിരുന്നു.
അടുത്തിടെ, ഇറ്റലിയിൽ, വെള്ളത്തിനടിയിൽ ക്രിസ്തുവിന്റെ പ്രതിമകൾ സ്‌ഥാപിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. സ്ഥാപിക്കുന്ന ഒരു പാരമ്പര്യമുണ്ട്. പോർട്ടോഫിനോയിൽ “അഗാധത്തിലെ ക്രിസ്തുവും”, ടാരന്റോയിൽ “കടലിന്റെ ക്രിസ്തുവും” ഉണ്ട്. കൗതുകകരമെന്നു പറയട്ടെ, പോർട്ടോഫിനോയിലെ വെങ്കല പ്രതിമ സ്ഥാപിക്കാൻ ഉപയോഗിച്ച അതെ രീതിയിൽ സമാനമായ ഒരു ശിൽപം ഇപ്പോൾ അമേരിക്കയിലെ ഫ്ലോറിഡ തീരത്ത് കാണാം.
മാസങ്ങൾക്ക് മുൻപ് തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ കടലിനടിയിലെ മാതാവിന്റെ സ്വരൂപം ലോകം മുഴുവൻ കണ്ടു. അതിനെത്തുടർന്ന് പലരും കടലിനടിയിലെ ഇത്തരം പ്രതിമകളെക്കുറിച്ച് അന്വേഷണവും തുടങ്ങിയിരുന്നു.
പ്രായോഗിക അർത്ഥത്തിൽ, ഇത്തരം പ്രതിമകൾ മുങ്ങൽ വിദഗ്ധർക്കും കടലിൽ നീന്തുന്നവർക്കും മാത്രമേ കാണാനാകൂ. എന്നിരുന്നാലും ഈ “പ്രതിഭാസത്തിനു” ഒരു ആത്മീയ അർത്ഥമുണ്ടെന്നു പറയാം. ഒരു സന്ദേശം ഉപരിതലത്തിൽ വിളങ്ങി നിൽക്കുന്നു എന്ന് സാരം. ദൈവത്തിന്റെ ഒരു പ്രത്യേക സ്വഭാവം ഇവ പ്രതിഫലിപ്പിക്കുന്നു. മിക്കവാറും അവിടുന്ന് മറഞ്ഞിരിക്കുന്നുവെങ്കിലും, അവൻ എപ്പോഴും സന്നിഹിതനാണ് – നമുക്കിടയിൽ എവിടെയും.