ആലുവ: 2023 ഒക്ടോബർ 21 ന് PSC നടത്തിയ ക്ലർക്ക് സി വിഭാഗം പരീക്ഷയുടെ ചോദ്യം നമ്പർ 46-ൽ “ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ” എന്ന സമ്പ്രദായം കൊണ്ട് വന്നത് ആര്? എന്ന ചോദ്യത്തിന് തിരഞ്ഞെടുക്കാൻ നൽകിയിരിക്കുന്ന 4 പേരുകളും ചരിത്രപരമായി തെറ്റാണെന്നും അതിനാൽ അത് പിൻവലിക്കണമെന്ന് കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മിഷൻ. അതിൽ ഓപ്ഷൻ എ-യിൽ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പേര് നൽകിയിരിക്കുന്നത് ബോധപൂർവ്വം തെറ്റിധരിപ്പിക്കുന്നതിനും തെറ്റായ ചരിത്രം പ്രചരിപ്പിക്കുന്നതിനുമാണെന്ന് ചരിത്രാവബോധമുള്ളവർ ഇതിനകം പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
കേരളത്തിൽ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആശയപ്രചരണം നടക്കാൻ കാരണമായത് 1853 മുതൽ 1868 വരെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന ബർണർദിൻ ബച്ചിനെല്ലിയാണ്. 1856- ൽ അദ്ദേഹം എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിക്കണമെന്ന് വാക്കാൽ നിർദേശം നൽകുകയും 1857- ൽ ഇത് സംബന്ധിച്ച് തന്റെ ഇടയലേഖനത്തിലൂടെ കൽപനയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസ്തുത ചരിത്രരേഖകൾ ലഭ്യമായിരിക്കെ തെറ്റിധാരണാജനകമായ വസ്തുതകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും നിലവിലെ ചോദ്യം പിൻവലിച്ച് സമൂഹത്തിലുണ്ടായ തെറ്റിദ്ധാരണ മറ്റാനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും ഹെറിറ്റേജ് കമ്മിഷൻ PSCയോട് ആവശ്യപ്പെട്ടു. കെ.എൽ.സി.എ സംസ്ഥാന സമിതിയും ഇതേ ആവശ്യം ഉയർത്തി രംഗത്തുവന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പ്രസ്തുത ചോദ്യം പിൻവലിച്ച് പരസ്യപ്പെടുത്തണമെന്ന് PSCയോട് ആവശ്യപ്പെട്ടിരുന്നു.