ബംഗളൂരു: ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദിനാൾ ആൻ്റണി പൂള തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്നുവരുന്ന സിബിസിഐയുടെ ദ്വിവത്സര പൊതുസമ്മേളനത്തിലാണ് സുപ്രധാനമായ ഈ പ്രഖ്യാപനം ഉണ്ടായത്. രാജ്യവും സഭയും സങ്കീർണമായ സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് കർദിനാൾ പൂള ഇന്ത്യൻ സഭയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ വലിയ പ്രതീകാത്മക പ്രാധാന്യമുള്ളതാണ് കർദിനാൾ പൂളയുടെ തിരഞ്ഞെടുപ്പ്. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ദളിത് കർദ്ദിനാൾ എന്ന നിലയിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള സഭയുടെ ഐക്യദാർഢ്യത്തിന്റെ സാക്ഷ്യം കൂടിയാണ് ഈ പദവി.
ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള നിലപാടുകളിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന ‘സിനഡൽ’ സഭാ ദർശനത്തിലൂടെയും അദേഹം ആഗോളതലത്തിൽ ശ്രദ്ധേയനാണ്. സിബിസിഐ പ്രസിഡന്റ് എന്ന നിലയിൽ കാലാവധി പൂർത്തിയാക്കിയ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് സമ്മേളനം നന്ദി രേഖപ്പെടുത്തി. മതസ്വാതന്ത്ര്യം, സാമൂഹിക ധ്രുവീകരണം തുടങ്ങിയ വെല്ലുവിളികൾ ഉയർന്നുവന്ന നിർണായക ഘട്ടത്തിൽ സഭയെ പക്വതയോടെ നയിക്കാൻ അദേഹത്തിന് സാധിച്ചുവെന്ന് സമ്മേളനം വിലയിരുത്തി. രാജ്യത്തെ സഭകൾക്കിടയിലെ ഐക്യത്തിനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഊന്നൽ ബിഷപ്പുമാർ പ്രത്യേകമായി അനുസ്മരിച്ചു.
വിശ്വാസം, സുവിശേഷ പ്രഘോഷണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട ഗൗരവകരമായ ചർച്ചകളാണ് പൊതുസമ്മേളനത്തിൽ നടന്നുവരുന്നത്. വരും വർഷങ്ങളിൽ ഇന്ത്യൻ കത്തോലിക്കാ സഭയുടെ അജപാലന മുൻഗണനകൾ നിശ്ചയിക്കുന്നതിലും പൊതുസമൂഹവുമായുള്ള ഇടപെടലുകൾ രൂപപ്പെടുത്തുന്നതിലും പുതിയ പ്രസിഡന്റായ കർദിനാൾ ആൻ്റണി പൂളയുടെ നേതൃത്വം നിർണായകമാകും.

