ബംഗളൂരു: രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം. സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന രണ്ടാം ദിന ചർച്ചയില്‍ പ്രധാനമായും കേന്ദ്രീകരിച്ചത് സഭൈക്യം, സഭയുടെ ദൗത്യം, രാജ്യവുമായുള്ള സഭയുടെ ഇടപെടൽ, രാജ്യത്തു സഭ നേരിടുന്ന പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളായിരുന്നു. ഇന്നലെ രാവിലെ നടന്ന ദിവ്യബലിക്ക് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യയിലെ കത്തോലിക്കാസഭകളായ ലത്തീൻ, സീറോമലബാർ, സീറോമലങ്കര എന്നിവ ഒരു ഹൃദയവും ഒരു ആത്മാവുമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ താഴത്ത് ചൂണ്ടിക്കാട്ടി.
ദിവ്യബലിക്കുശേഷം സെൻ്റ് ജോൺസ് ജൂബിലി പാർക്കിൻ്റെ ഉദ്ഘാടനം മാർ താഴത്ത് നിർവഹിച്ചു. ചടങ്ങിൽ സിബിസിഐ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ ബിഷപ്പുമാരും സന്നിഹിതരായിരുന്നു. തുടർന്നു നടന്ന പ്ലീനറി സെഷനുകളിൽ രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച നടന്നു. മുതിർന്ന മാധ്യമപ്രവർത്തക ൻ ഷാജി ജോസഫ്, ജോയൽ സിംഗ്, സുപ്രീംകോടതി അഭിഭാഷകൻ പി.ജെ. ജോസ് എന്നിവർ വിഷയം അവതരിപ്പിച്ചു. ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ മോഡറേറ്ററായിരുന്നു. നാഷണൽ യൂത്ത് വൊക്കേഷൻ സർവീസ് സെന്റർ, നാഷണൽ ബിബ്ലിക്കൽ, കാറ്റെകെറ്റിക്കൽ, ലിറ്റർജിക്കൽ സെൻറർ, സിബിസിഐ ഓഫീസ് ഫോർ എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ, സിബിസിഐ പാസ്റ്ററൽ കൗൺസിൽ എന്നിവയുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
