ബംഗളൂരു: തലമുറകളോളം സ്മരിക്കപ്പെടുന്ന പ്രമുഖ വ്യവസായിയും, ദീര്‍ഘവീക്ഷണമുള്ള നേതാവും, മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ വേര്‍പാടില്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ അനുശോചനം രേഖപ്പടുത്തി. ഭാരതത്തിലെ കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ ആത്മാശാന്തിക്കായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയാണെന്നും സിസിബിഐ പുറത്തുവിട്ട പ്രസ്താവനയില്‍ രേഖപ്പെടുത്തി.
രത്തന്‍ ടാറ്റ കേവലം ഒരു വ്യവസായ പ്രമുഖനായിരുന്നില്ല; മറിച്ച് അനുകമ്പയുടെയും ഔദാര്യത്തിന്റെയും വിളക്കായിരുന്നു. ടാറ്റ ട്രസ്റ്റുകളിലൂടെയും നിരവധി ജീവകാരുണ്യ സംരംഭങ്ങളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം അദ്ദേഹം മാറ്റിമറിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പോരാടി. ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും, സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗ്രാമവികസനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത കത്തോലിക്കാ സഭയുടെ അടിസ്ഥാന മൂല്യങ്ങളുമായി ആഴത്തില്‍ പ്രതിധ്വനിക്കുന്നതാണെന്നും കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ കുറിച്ചു.
രാഷ്ട്രനിര്‍മ്മാണത്തിനുള്ള രത്തന്‍ റാറ്റയുടെ സുപ്രധാന സംഭാവനകളും, ഇന്ത്യയെ ഒരു ആഗോള സാമ്പത്തിക ശക്തിയാക്കുന്നതിലുമുള്ള പങ്ക് നിര്‍ണ്ണായകമായിരുന്നു. ഈ അസാധാരണ വ്യക്തിത്വം വിടപറയുമ്പോള്‍, ഇന്ത്യയിലെ കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ ആത്മാശാന്തിക്ക് വേണ്ടി തീക്ഷ്ണമായ പ്രാര്‍ത്ഥനകളും, ഹൃദയംഗമമായ അനുശോചനവും അര്‍പ്പിക്കുകയാണെന്നും സിസിബിഐ അറിയിച്ചു. അതേസമയം, നിസ്വാര്‍ത്ഥതയോടും അനുകമ്പയോടും കൂടി മറ്റുള്ളവരെ സേവിക്കാന്‍ ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു വഴികാട്ടിയായി അദ്ദേഹത്തിന്റെ ജീവിത പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സിസിബിഐ ഓര്‍മ്മിച്ചു.