ഘനഗംഭീരസ്വരത്തിൽ ലോകം മുഴുവനും, കൃത്യമായി അതിരാവിലെയെത്തുന്ന ഒരു മിനിട്ട് പ്രഭാത പ്രാർത്ഥനകൾ നൂറ് എപ്പിസോഡ് പൂർത്തിയാക്കുകയാണ്. മഴയായാലും, വെയിലായാലും, പനിയായാലും ലോക്ഡൗണായാലും തടസ്സങ്ങളൊന്നുമില്ലാതെ ഈ ഉത്തരവാദിത്വം പൂർത്തിയാക്കാൻ സാധിക്കുന്നത് ദൈവാനുഗ്രഹത്താലാണെന്ന് സ്വന്തം സ്വരത്തിൽ പ്രഭാതപ്രാർത്ഥനക്ക് ശബ്ദം നൽകുന്ന ദുബായ് റേഡിയോ ഏഷ്യയിൽ സൗണ്ടഞ്ചിനീയറും അവതാരകനുമായിരുന്ന ശ്രീ. ഐ. ജോൺ വിമൽ (എബനിസർ) പറയുന്നു. ദുബായ് റേഡിയോ സ്റ്റേഷനിൽ നിന്നുള്ള ജോലി നഷ്ടപ്പെട്ടതിന് ശേഷം തിരിച്ചെത്തിയ ഉടൻ ദൈവനിയോഗം പോലെയാണ് ഈ സേവനം താനേറ്റെടുത്തതെന്നും അദ്ദേഹം പറയുന്നു.
മീഡിയാ കമ്മീഷൻ യൂട്യൂബ്, ഫെയ്സ് ബുക്ക് ചാനലിലൂടെ പുറത്തു വിടുന്ന വീഡിയോയുടെ ആദ്യഭാഗം ആരംഭിക്കുന്നത് അങ്ങ് ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, ലണ്ടനിൽനിന്നാണ്. ഫാ. ജോൺസൻ അലക്സാണ്ടറച്ചനാണ് അതാത് ദിവസത്തെ വചനഭാഗത്തെ ആസ്പദമാക്കിയുള്ള പ്രാർത്ഥനകൾ ഒരുക്കുന്നത്. അച്ചൻ ഇങ്ങനെ പ്രാർത്ഥനകൾ തയ്യാറാക്കാനാരംഭിച്ചത്, ഒന്നരവർഷങ്ങൾക്ക് മുൻപ് കഴിഞ്ഞ സമ്പൂർണ്ണ ലോക്ഡൗൺ സമയത്താണ്.
പിന്നെ ശ്രീ. വിമൽ ജോണിന്റെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്ക് സ്വരവും രൂപവും നൽകുന്നു. തുടർന്ന് പാളയം ഇടവകയിലെ ശ്രീമാൻ ഹാരോൾഡാണ് ദിവസവും ഇത് സമൂഹമാധ്യമങ്ങളിൽ രാവിലെ പോസ്റ്റ് ചെയ്യുന്നത്. ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ പതിവ്കാരിലെത്തിച്ച് തുടങ്ങിയിട്ടാണ് ഇപ്പോൾ നൂറു ദിവസം പൂർത്തിയാകുന്നത്.
തുടർച്ചയായി നൂറു ദിവസം ഇത് തയ്യാറാക്കുന്നതിന് പിന്നിൽ ധാരാളം ത്യാഗവും സഹനവുമുണ്ടെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. യാതോര് പ്രതിഫലേച്ഛയുമില്ലാതെ ദിവസവും ഒരു സമയം ന്യൂജെൻ സുവിശേഷവൽക്കരണത്തിനായി ഇവരുടെ സമയം നൽകുന്നതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഒരു മിനിട്ട് പ്രാഭാത പ്രാർത്ഥന കാണുമ്പോൾ ഇവർക്കുവേണ്ടി കൂടി പ്രാർത്ഥിക്കാണമെന്നാണ് വിമലേട്ടൻ ഓർമ്മിപ്പിക്കുന്നത്.