‘ഇന്ന് മിഷൻ ഞായർ. സുവിശേഷവൽക്കരണത്തെക്കുറിച്ച് നാം ചിന്തിക്കുന്ന ഒരു നല്ല ദിവസം! ഓരോ കൊല്ലവും ഇതിനോടനുബന്ധിച്ച് പരിശുദ്ധ പിതാവ് സഭാമക്കൾക്ക് എല്ലാം അഭിസംബോധന ചെയ്തു കൊണ്ട് ഒരു സന്ദേശം നൽകാറുണ്ട്. ഇത്തവണ ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിന് പ്രമേയമായി തെരഞ്ഞെടുത്തത് അപ്പസ്തോലിക പ്രവർത്തനങ്ങളിലെ നാലാം അധ്യായം ഇരുപതാം വാക്യമാണ്, ” ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ സാധ്യമല്ല ” ‘. മിഷൻ ഞായറുമായി ബന്ധപ്പെട്ട് അഭിവന്ദ്യ സൂസപാക്യം പിതാവ് നൽകി ഇടയലേഖനത്തിലെ വരികളാണിവ.
കേൾക്കുകയും കാണുകയും ചെയ്ത കാര്യങ്ങൾ എന്ന് പറയുമ്പോൾ തിരുവചനങ്ങൾ സൂചിപ്പിക്കുന്നത് സ്നേഹം തന്നെയായ ദൈവവുമായി ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന ആനന്ദാനുഭൂതിയെ പറ്റിയാണ്. ഇതുതന്നെയാണ് 1 യോഹ 1:3 – ലും അർത്ഥമാക്കുന്നത്. ഇതാണ് സുവിശേഷവൽക്കരണം. ജീവിതാനുഭവങ്ങൾ ഹൃദയത്തെ സ്പർശിക്കുന്ന തോതനുസരിച്ച് അവ പങ്കുവെക്കുവാനുമുള്ള ശക്തമായ ഒരു ഉൾപ്രേരണ അനുഭവപ്പെടുക സ്വാഭാവികമാണ്.ഈ വസ്തുത എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. സ്നേഹം തന്നെയായ ദൈവത്തെ അനുഭവിച്ച് അറിയുന്നതിനേക്കാൾ വലിയൊരു സന്തോഷ അനുഭൂതി മറ്റൊന്നില്ലെന്നും അതുകൊണ്ടുതന്നെ, ദൈവത്തെ അനുഭവിച്ച അറിയുവാനും ആ അനുഭവത്തിൽ നിലനിൽക്കുവാനും ഏതു പ്രതിസന്ധികളെയും അതിജീവിച്ച് അത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഉൾപ്രേരണയും ശക്തമായിരിക്കും. ഈ ഉൾപ്രേരണ അഥവാ പ്രേക്ഷിത തീഷ്ണത, ഫലപ്രദമായ പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരു പ്രധാന സവിശേഷതയായി പാപ്പ തന്റെ സന്ദേശത്തിലുടനീളം എടുത്തുകാണിക്കുന്നു.
ഭൗതികമായ കാഴ്ചപ്പാടുകളുടെയും കണക്കുകൂട്ടലുകളുടെയും ഫലമായി ഒരുവൻ ഏറ്റെടുക്കുന്ന ഒരു ദൗത്യമല്ല മിഷനറി പ്രവർത്തനം, മറിച്ച്, ആഴമായ ദൈവാനുഭവത്തിന്റെയും തികഞ്ഞ ഔദാര്യത്തിന്റെയും സ്വതന്ത്രമായ ആത്മ ദാനത്തിന്റെയും ഫലമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലല്ല ഓരോ മിഷനറിമാരും പ്രവർത്തിക്കുന്നത്. എത്ര തടസ്സങ്ങൾ ഉണ്ടായാലും അവയെല്ലാം അതിജീവിച്ച്, ഉള്ളത് എല്ലാവരുമായി പങ്കുവെക്കുന്നതാണ് മിഷനറി ദൗത്യത്തിന്റെ സവിശേഷത എന്നും കത്തിൽ പറയുന്നു. ദൈവമായി ബന്ധപ്പെടുമ്പോൾ ഉളവാക്കുന്ന അറിവും അനുഭവവും എല്ലാവരെയും ദൈവീകമായ സന്തോഷംകൊണ്ട് നിറക്കുകയും ഈ അനുഭവം പങ്കുവയ്ക്കാനുള്ള ശക്തമായ ഉൾപ്രേരണ അഥവാ മിഷനറി തീക്ഷ്ണത പകർന്നു കൊടുക്കുകയും ചെയ്യുന്നുവെന്നും പിതാവ് പറയുന്നു. ഇത് വിശ്വാസ സമൂഹത്തിന് ആഴത്തിൽ പതിയുന്നതിനുവേണ്ടി നിരവധി വചനങ്ങൾ കത്തിൽ പിതാവ് പരാമർശിക്കുന്നുണ്ട്. ശിഷ്യന്മാരുടെ പ്രേഷിത പ്രവർത്തനവും, കാലാകാലങ്ങളായി ക്രൈസ്തവ സമൂഹം നടത്തിവരുന്ന മിഷനറി പ്രവർത്തനങ്ങളെയും അദ്ദേഹം തന്റെ കത്തിലൂടെ എടുത്തുകാട്ടുന്നു.
പ്രേക്ഷിത പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്നതും നിരുത്സാഹപ്പെടുത്തുന്ന മായ അന്തരീക്ഷമാണ് ഇന്നുള്ളത്. സർവ്വ വ്യാപകമായ സാംക്രമിക ലോകത്തിന്റെ പിടിയിൽനിന്ന് നാം ഇന്നുവരെ മുക്തരായിട്ടില്ല എന്നും തത്ഫലമായി ഒന്നിനൊന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന വേദനയും ഏകാന്തതയും ദാരിദ്രവും നമ്മളിൽ പലരെയും തളർത്തിക്കളയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമാണെന്ന് നമ്മൾ കരുതി താവളങ്ങൾ നിലനിൽക്കുന്നതല്ലെന്ന് നമ്മുക്ക് ബോധ്യമായി കൊണ്ടിരിക്കുകയാണ്. ഇതുവരെ പിടിച്ചുനിൽക്കാനും മുന്നോട്ടുപോകാനും നമ്മെ സഹായിച്ച പ്രത്യാശയ്ക്ക് കുറെയേറെ കോട്ടം തട്ടിയതായി ചില സന്ദർഭങ്ങളിലെങ്കിലും തോന്നിപ്പോകുന്നതായി പിതാവ് പറയുന്നു. ‘ എല്ലാം തകർന്നു ഒന്നും നേരെയാക്കാൻ പോകുന്നില്ല ‘ എന്നു പറയുന്ന ഭീരുത്വം പറഞ്ഞു സംശയ വാദത്തിന് പലരും അടിമകളായി കൊണ്ടിരിക്കുകയാണ്. ഈ പ്രലോഭനങ്ങളുടെ മധ്യേ പ്രേഷിത തീഷ്ണതയോടെ ജ്വലിച്ചു നിന്നു കൊണ്ട് ഇവയ്ക്കെല്ലാം സ്നേഹത്തോടെ പരിഹാരം കണ്ടെത്തുന്ന ഒരു പ്രേഷിത പ്രവർത്തനത്തിലേക്കാണ് ഫ്രാൻസിസ് പാപ്പാ പ്രേഷിത പ്രവർത്തകരെയെല്ലാം ആഹ്വാനം ചെയ്യുന്നതെന്ന കാര്യം പിതാവ് കത്തിൽ വ്യക്തമാക്കുന്നു. ഇന്നത്തെ സാഹചര്യങ്ങളുടെ സമ്മർദത്തിൽ വിധേയമാകാതെ ക്രിസ്തു പ്രത്യാശയോടെ ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിച്ചു കൊണ്ട് ജീവനുള്ള അവിടുത്തെ സാന്ത്വന വചനങ്ങൾ നമ്മുടെ സമൂഹത്തിലും കുടുംബങ്ങളിലും നമ്മുടെ മധ്യ വസിക്കുന്നവർക്കിടയിലും പ്രഘോഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയണമെന്നും പിതാവ് ആഹ്വാനം ചെയ്യുന്നു.
2020ലെ മിഷൻ ഞായർ പ്രവർത്തനങ്ങൾക്കുവേണ്ടി സമാഹരിച്ച തുകയുടെ കണക്കുകളും, മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി വിവിധ സമിതികൾക്കും, റോമിലെ വിവിധ തിരുസംഘങ്ങൾക്കും അയച്ചുകൊടുത്തത്തിന്റെ വിവരണന പട്ടികയും പിതാവ് കത്തിൽ പരാമർശിക്കുന്നുണ്ട്. 83,95,687 രൂപയാണ് കഴിഞ്ഞകൊല്ലം അതിരൂപതയിൽ നിന്നും മിഷൻ ഞായർ പ്രവർത്തനങ്ങൾക്കായി സമാഹരിക്കാൻ സാധിച്ചത്.
നിരവധി ത്യാഗങ്ങൾ സഹിച്ച്, ജീവൻപോലും സമർപ്പിച്ചുകൊണ്ട് പ്രേക്ഷിത തീക്ഷ്ണതയോടെ ദൈവ അനുഭവത്തിന് സാക്ഷ്യംവഹിച്ച പ്രവർത്തകരെല്ലാം കൃതജ്ഞതയോടെ ഓർക്കാനും അദ്ദേഹം മറന്നില്ല. ഇന്ന് സഭയും സമൂഹവും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള വെളിച്ചം നൽകി അവരെ അനുഗ്രഹിക്കുന്നതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് ഓർമിപ്പിച്ചും ജ്ഞാനസ്നാനം എന്ന കൂദാശയിലൂടെ ദൗത്യം നവീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്ത നാമെല്ലാവരും ആ വാഗ്ദാനങ്ങളിൽ വിശ്വസ്തതയോടെ നിറവേറ്റുന്നതിന് വേണ്ടി പ്രവർത്തിക്കുകയും വേണമെന്ന് അദ്ദേഹം കത്തിലൂടെ ആഹ്വാനം ചെയ്തു.