റിപോർട്ടർ : സജിത വിൻസെൻ്റ്
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷ സർക്കാർ ക്ഷണിച്ചു. സർക്കാരിന്റെ പുതിയ അനുപാത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പുകൾ ക്ഷണിച്ചത്. പുതുക്കിയ തീരുമാനപ്രകാരം മുസ്ലിം വിദ്യാർത്ഥികൾക്ക് 59.05%, ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് 40.87% സ്കോളർഷിപ്പുകൾ ലഭിക്കും. നേരത്തെ ഉണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവ് അടിസ്ഥാനത്തിലാണ് പുതിയ അനുപാതം. ക്രിസ്ത്യൻ വിദ്യാർഥികൾക്ക് 40.87% ലഭിക്കുവാനും അതേസമയം മുസ്ലിം വിദ്യാർത്ഥികൾക്ക് ലഭിച്ചുവരുന്ന സ്കോളർഷിപ്പുകൾക്ക് എണ്ണത്തിലും തുകയിലും കുറവ് വരുത്താതെയുമാണ് സർക്കാർ പുതിയ അനുപാത നിയമം കൈക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ :0471-2300524.
പോളിടെക്നിക് ഡിപ്ലോമ വിദ്യാർഥികൾക്ക് എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് 6000 രൂപ ലഭിക്കും കഴിഞ്ഞവർഷം സ്കോളർഷിപ്പ് നേടിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കാണ്.
സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐ കളിൽ പഠിക്കുന്നവർക്ക് ഫീസ് റീ ഇമ്പേഴ്സ്മെന്റിന് അപേക്ഷിക്കാം. ഒരുവർഷത്തെ കോഴ്സിന് 10,000 രൂപയും രണ്ട് വർഷത്തെ കോഴ്സിന് 20,000 രൂപയും ലഭിക്കും. ഇതിൽ 10 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കാണ്.
നഴ്സിങ് ഡിപ്ലോമ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് 15,000 രൂപയുടെ മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ മെറിറ്റ് പ്രവേശനം ലഭിച്ചവർക്കു അപേക്ഷിക്കാം.സി എ, സി എം, എസ് സി എസ് വിദ്യാർത്ഥികൾക്ക് 10,000 രൂപയുടെ സ്കോളർഷിപ്പുണ്ട്.