വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷയും കോടത്ത് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ഉയരെ 2026’ പദ്ധതി മാർച്ച് 28ന് വെളളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ 71 പേർക്ക് വിവിധ സഹായോപകരണങ്ങൾ വിതരണം ചെയ്തു. കോടത്ത് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ രഞ്ചിത്ത് മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ എം.ഡി. മൊയ്തീൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് സ്വാഗതം ആശംസിച്ചു. പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ്, മെഡിക്കൽ മുതലായ മേഖലകളിൽ പഠിക്കുന്ന നിർധനരായ 30 വിദ്യാർഥികൾക്ക് ധനസഹായവും വിതരണം ചെയ്തു.
