വെള്ളയമ്പലം: കുടുംബ പ്രേഷിത ശുശ്രൂഷ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ഫൊറോന സന്ദർശനം നടത്തി. തൂത്തൂർ, വലിയതുറ, വട്ടിയൂർക്കാവ് എന്നീ ഫൊറോനകളിലാണ് സന്ദർശനം കഴിഞ്ഞത്. വരുംദിവസങ്ങളിൽ മറ്റുഫൊറോനകളിൽ സന്ദർശനം നടത്തും. രണ്ട് തലത്തിലാണ് അതിരൂപത സമിതി ഫൊറോനകളിൽ സന്ദർശനം നടത്തുന്നത്. ആദ്യ തലത്തിൽ ഫൊറോന വികാരിയും ഫൊറോന എക്സിക്യുട്ടീവ് അംഗങ്ങളുമായുള്ള കൂടികാഴ്ചയ്ക്കും ചർച്ചകൾക്കും ശേഷം ജനറൽ ബോഡിയെ ഉൾപ്പെടുത്തിയാണ് രണ്ടാം തലം നടക്കുന്നത്. ഇടവക തലങ്ങളിൽ ശുശ്രൂഷ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനും അതിരൂപത കുടുംബ ശുശ്രൂഷ വിഭാവനം ചെയ്തിരിക്കുന്ന കർമ്മപരിപാടികൾ നടപ്പിലാക്കുന്നതിനുമാ മാണ് സന്ദർശനം ലക്ഷ്യംവയ്ക്കുന്നത്. കഴിഞ്ഞ ആറ് മാസത്തെ പ്രവർത്തനം വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഈ സന്ദർശനംകൊണ്ട് സാധിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. കുടുംബങ്ങളിൽ മാധ്യമ മുക്തമണിക്കൂർ പാലിക്കുനതിനും ഇടവകകളിൽ വിവിധ ഫോറങ്ങൾ ശക്തിപ്പെടുത്തുന്നതിനും, തകർന്ന കുടുംബങ്ങളെ വീണ്ടെടുക്കുന്നതിനുമുതകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇടവക കുടുംബശുശ്രൂഷ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായി ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ പറഞ്ഞു.




