തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിരവധി സംഭാവനകളേകിയ ധീരവനിത ആനിമസ്ക്രീന്റെ 62-ാമത് ചരമവാർഷിക അനുസ്മരണം നടത്തി കെ.എൽ.സി.എ. ബിഷപ് ക്രിസ്തുദാസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആനി മസ്ക്രീനെ പോലുള്ള നിരവധി വനിതകൾ വളർന്നു വരേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ അസംബ്ലിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിത, തിരുകൊച്ചിയിലെ ആദ്യ വനിതാ മന്ത്രി, ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ അംഗം, ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പിട്ട ആദ്യ തിരുവിതാംകൂർ സമാജിക, തെക്കേ ഇന്ത്യയിൽനിന്നും ഇന്ത്യയുടെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ സമാജിക, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക വനിത, തിരുവിതാംകൂറിൽനിന്നും ഉത്തരവാദ ഭരണസമരത്തിൽ ഏറ്റവുമധികകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ രാഷ്ട്രത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ധീരവനിതയുടെ ചരിത്രം സമ്മേളനം അനുസ്മരിച്ചു.
അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസ്സീസി, കെ.ആർ.എൽ.സി.സി സെക്രട്ടറി പാട്രിക് മൈക്കിൾ, ഫാ. സെബാസ്റ്റ്യൻ, സുരേഷ് സേവ്യർ, ആന്റണി ഗ്രേഷ്യസ്, ജോർജ് എസ് പള്ളിത്തറ, ടി. എസ്. ജോയി, മേരി പുഷ്പം, ഡോളി ഫ്രാൻസിസ്, യേശു രാജ് തുടങ്ങിയവർ സംസാരിച്ചു