വെള്ളയമ്പലം: സ്വർഗ്ഗത്തെ ലക്ഷ്യം വച്ച് ജീവിക്കുവാനും, യാത്ര ചെയ്യുവാനും പരിശീലനം ലഭിക്കുന്നയിടമാണ് വിശ്വാസ പരിശീലനമെന്ന് ഓർമ്മപ്പെടുത്തി ബിഷപ് ക്രിസ്തുദാസ് ആർ. തിരുവനന്തപുരം അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ 2024-25 ലെ വാർഷികവും 2025-26 ലെ അതിരൂപതാതലത്തിൽ പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ 1ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ എല്ലാ ഫെറോന സെക്രട്ടറിമാർക്കും തിരി കത്തിച്ച് നൽകിക്കൊണ്ടായിരുന്നു പ്രവേശനോത്സവം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്. 2023 – 25 കാലയളവിൽ സേവനം ചെയ്ത ഫെറോന സെക്രട്ടറിമാരെ ആദരിക്കുകയും ചെയ്തു. അജപാലന ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. ഷാജു വില്യം അധ്യക്ഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്രിട്ടോ ജോൺ, നീന സ്റ്റെല്ല നോയൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അജപാലന ശുശ്രൂഷ അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജിത് ആന്റണി അച്ചൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സിൽവദാസ് റിപ്പോർട്ട് അവതരിപ്പിക്കുകയും, പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിൽവസ്റ്റർ നന്ദിയും രേഖപ്പെടുത്തി.