തിരുവനന്തപുരം: പുതിയ സമയക്രമീകരണവുമായി പുതിയ അധ്യയനവർഷം നാളെ തുടങ്ങും. ഹൈസ്‌കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്‌കൂൾ അക്കാദമി കലണ്ടർ സംബന്ധിച്ച ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.
1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാൻ ആറ് ശനിയാഴ്ചകൾ സ്‌കൂളിന് പ്രവൃത്തിദിനമായിരിക്കും. തുടർച്ചയായി ആറ് പ്രവൃത്തി വരാത്ത ആഴ്ചകളിലായിരിക്കും ശനി ക്ലാസ്. ഇങ്ങനെ 204 പ്രവൃത്തിദിനങ്ങളാണ് ഉറപ്പാക്കുന്നത്. യുപി ക്ലാസുകളിൽ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ രണ്ട് ശനിയാഴ്ച ക്ലാസും ഏർപ്പെടുത്തും. ഹയർസെക്കൻഡറിക്ക് നിലവിൽ രാവിലെ ഒൻപത് മുതൽ 4.45വരെയാണ് ക്ലാസ്.
സുംബ ഡാന്‍സും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവും പുതിയ അധ്യയനവര്‍ഷത്ത പുതുമകളാണ്. രണ്ടുമുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീഡുകള്‍ ഈ വര്‍ഷം ക്രമീകരിച്ചിരിക്കുന്നു. രണ്ടുമുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാഴ്ചത്തെ സ്കൂള്‍ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നിയമബോധം, ലഹരിക്കെതിരായ അവബോധം, സൈബര്‍ അവബോധം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പൊതു നിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.