വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത വൈദികരുടെ ഏപ്രില്‍ മാസത്തെ വൈദിക സമ്മേളന മധ്യേ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ലിറ്റില്‍വേ മാര്‍ഗരേഖ പ്രകാശനം ചെയ്തു. സഭയില്‍ നമുക്ക് ഏറെ ആനന്ദം പകരുന്ന ഇരട്ട ജൂബിലി വര്‍ഷമാണ് 2025. പ്രത്യാശയുടെ ജൂബിലിയും വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവിയുടെ നൂറാം വാര്‍ഷിക ജൂബിലിയും. ഈ അവസരത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത “വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് തീര്‍ഥടകാരാകാം” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജൂബിലി ആഘോഷിക്കുകയാണ്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ എല്ലാ ഇടവകകളിലും അതിരൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യുടെ നാമധേയത്തില്‍ കുട്ടികള്‍ക്കായി ലിറ്റില്‍വേ കൂട്ടായ്മകള്‍ സ്ഥാപിക്കുന്നതിന് സഹായകരമായ മാര്‍ഗരേഖയാണ് പ്രകാശനം ചെയ്തത്. പ്രകാശനവേളയില്‍ എല്ലാ ഇടവകകളിലും വിശുദ്ധ കൊച്ചുത്രേസ്യയെ അടുത്തറിയുവാന്‍ കുട്ടികള്‍ക്ക് ഈ പുസ്തകം സഹായകരമാകട്ടെയെന്ന് അതിരൂപതാധ്യക്ഷന്‍ ആശംസിച്ചു. മാർഗരേഖയുടെ ആദ്യപ്രതി അതിരൂപത ചൈല്‍ഡ് കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡേവിഡ്സന് കൈമാറി. മാര്‍ഗരേഖ തയ്യാറാക്കാന്‍ മുന്‍കൈ എടുത്ത അതിരൂപത ബി.സി.സി. കമ്മീഷനെ ആർച്ച്ബിഷപ്പ് അഭിനന്ദിച്ചു. ഏപ്രില്‍ മാസം 20-ാം തീയതി മുതല്‍ അതിരൂപത ബി.സി.സി. കമ്മീഷന്‍ കാര്യാലയത്തില്‍ മാര്‍ഗരേഖ ലഭ്യമാകുമെന്ന് ഫാ. ഡാനിയേല്‍ അറിയിച്ചു.