മുട്ടത്തറ: തിരുവനന്തപുരം അതിരൂപതയിലെ തീരപ്രദേശ ഗ്രാമങ്ങളായ കൊച്ചുതോപ്പ്, വലിയതുറ പ്രദേശങ്ങളില്‍ നിന്നും തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുട്ടത്തറ പ്രതീക്ഷ ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന 190 ഓളം കുടുംബങ്ങള്‍ക്കായി ഹോം മിഷന്‍ ക്രമീകരിച്ച് തിരുവനന്തപുരം അതിരൂപത ബി.സി.സി കമ്മിഷൻ. വലിയതുറ സെന്‍റ് ആന്‍റണീസ് ദേവാലയത്തിനു കീഴില്‍ വരുന്ന 6 യൂണിറ്റുകളും കൊച്ചുതോപ്പ് ഫാത്തിമ മാതാ ദേവാലയത്തിന്‍റെ കീഴില്‍ വരുന്ന 3 യൂണിറ്റുകളിലുമുള്ള ഏകദേശം 570 ഓളം വിശ്വാസികള്‍ക്കായി അതിരൂപത ബി.സി.സി. കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് മാര്‍ച്ച് മാസം 17-ാം തീയതി തുടക്കം കുറിച്ചു. വലിയതുറ ഇടവക വികാരി ഫാ. സാബാസ് ഇഗ്നേഷ്യസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അതിരൂപത അല്‍മായ ശുശ്രൂഷാ ഡയറക്ടര്‍ ഫാ. മൈക്കള്‍ തോമസ് വചനപ്രഘോഷണം നടത്തി, പ്രസ്തുത ബലിയര്‍പ്പണത്തില്‍ അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ സഹകാര്‍മികനായി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്യുന്ന സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള 20 സന്യസ്തര്‍ 18-ാം തീയതി മുതല്‍ 250 ഭവനങ്ങള്‍ സന്ദര്‍ശിച്ചും കൗണ്‍സലിംഗ് ക്രമീകരിച്ചും മാര്‍ച്ച് 23-ാം തീയതി അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ് പിതാവിന്‍റെ ദിവ്യബലി അര്‍പ്പണത്തോടെ ഹോം മിഷന്‍ രണ്ടാം ഘട്ടം അവസാനിക്കും.