കടലിൽ മത്സ്യബന്ധനത്തിന് പോയ പൂന്തുറയിലെ മത്സ്യതൊഴിലാളികളെ വള്ളമടക്കം കാണ്മാനില്ല.വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർളി എന്നിവരെയാണ് കാണാതായത്. പൂന്തുറ സ്വദേശിയായ ശ്രീമാൻ ജെയ്സൻ്റെ വള്ളത്തിലാണ് നാലുപേരടങ്ങിയ സംഘം ഞായറാഴ്ച വൈകുന്നേരത്തോടെ വല പണിക്ക് പോയത്.
ക്ലീറ്റസ്, ചാർളി, ബർക്കുമാൻസ്, രാജേഷ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ. ഉൾക്കടലിൽ എത്തിയ ഇവർ മത്സ്യബന്ധനം നടത്തി പുലർച്ചെ അഞ്ച് മണിക്ക് തിരികെ വരാൻ ശ്രമിക്കവേ രണ്ട് എഞ്ചിനും പ്രവർത്തനരഹിതമാവുകയായിരുന്നു. തുടർന്ന് അടുത്തു കണ്ട മറ്റൊരു വള്ളക്കാരോട് സഹായം അഭ്യർത്ഥിക്കുകയും അവർ രണ്ട് പേരെ കരയ്ക്കെത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇവർ കരയ്ക്കെത്തിയ ഉടൻ ബാക്കിയുള്ളവരേയും വള്ളത്തേയും കൊണ്ട് പോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കി ഉടനെ തിരിച്ചു വരാം എന്ന ധാരണയിലാണ് കാണാതായ രണ്ട് പേർ ആ വള്ളത്തിൽ തന്നെ തുടർന്നത്. കരയ്ക്കെത്തിയവർ പ്രവർത്തിക്കുന്ന എഞ്ചിനുമായി ഇവരെ തേടി പോയെങ്കിലും ജി പി എസിൽ മാർക്ക് ചെയ്ത സ്ഥലത്ത് ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് ചുറ്റുപാടും അന്വേഷിച്ചെങ്കിലും ഭലമുണ്ടായില്ല. ഇവരെ കണ്ടെത്തുന്നവർ കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുക.
നിലവിൽ, മറ്റ് നാല് വള്ളങ്ങൾ ഉപയോഗിച്ച് കാണാതായ വള്ളത്തിന്റെ ഉടമസ്ഥൻ ജയ്സൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയാണ്. കൂടാതെ കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തുന്നു. നാവിക സേനയും തെരച്ചിലിനായി എത്തുമെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്.