മുറ്റത്തു നിന്നും, പത്രത്തിൽ നിന്നും പ്രകൃതിയും പ്രകൃതി ദുരന്തങ്ങളും വീട്ടിനുള്ളിലേക്കും, മുറിക്കുള്ളിലേക്കും എത്തിച്ചേർന്നതിന്റെ നടുക്കുന്ന ചിത്രം മികച്ച സംഗീതത്തിന്റെ അകമ്പടിയോടെ നമ്മുടെ മുന്നിലെത്തിക്കുകയാണ് മലയൻ കുഞ്ഞെന്ന ഈ സിനിമയിൽ. തകർത്തുപെയ്യുന്ന മഴ നമുക്കിത്രയും നാളുമൊരു ലാവണ്യമുള്ള ആഖ്യാനതന്തുവായിരുന്നു. കാൽപ്പനീകവർണ്ണങ്ങളിൽ നിന്നിപ്പോൾ മഴ പേടിപ്പെടുത്തുന്നൊരു പ്രതിഭാസമായി മാറിയിട്ടുണ്ടല്ലോ. മഴപെയ്ത് ഉരുൾപൊട്ടി ഒറ്റനിമിഷം കൊണ്ട് കുറേ മനുഷ്യ ജീവിതങ്ങളെയും, അവന്റെ ചുറ്റുപാടുകളെയും, സർവ്വ സമ്പാദ്യങ്ങളെയും ഒരു നിമിഷം കൊണ്ട് കീഴ്മേൽ മറിച്ച് തകർക്കുന്നതാണ് സിനിമ. പെട്ടിമുടിയും, പ്രളയുവും തീർത്ത ഓർമ്മകൾ വിതുമ്പലുകളായി ഉള്ളിൽ തളം കെട്ടി നിൽക്കുന്നതുകൊണ്ടുതന്നെ ഈ സിനിമ ഓത്തിരിപ്പേരെ സ്പർശിക്കുമെന്നതിൽ സംശയമില്ല.
സിനിമയിൽ നല്ലൊരളവു വരെ ഫഹദ് ഫാസിൽ അവതരിപ്പിച്ച അനിക്കുട്ടനെന്ന കഥപാത്രമാണ് പരിവർത്തനത്തിന് വിധേയമാകുന്നത്. ഈ അനിക്കുട്ടൻ കഥാപാത്രം കഥാരംഭത്തിൽ എന്തായിരുന്നു കഥാവസാനത്തിൽ എന്തായി പരിവർത്തനം ചെയ്യപ്പെടുന്നു എന്നതാണ് സിനിമ പറയുന്ന സന്ദേശം.
സിനിമയുടെ ആരംഭംമുതൽ സ്വന്തം കാര്യം മാത്രം നോക്കുന്ന, സ്വന്തം സുഖം, സ്വന്തം ജോലി,സ്വന്തം ചായ, സ്വന്തം ഭക്ഷണം, സ്വന്തം സമ്പാദ്യം എന്നിവയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന മറ്റുള്ളവരുടെ തൊഴിലിനെയും മാന്യതയെയും വിലമതിക്കാത്ത അനിക്കുട്ടൻ കഥാപാത്രം ശരാശരി മലയാളിയുടെ നേർചിത്രമാണ്. ഏറിയും കുറഞ്ഞും സൂക്ഷിക്കുന്ന ജാതീയ മനസ്ഥിതിയും കൂടെയാകുമ്പോൾ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന് നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെയുണ്ടായിരുന്ന ശരാശരി മനുഷ്യന്റെ രൂപഭാവങ്ങളുണ്ട്. ബൈക്കിന് സൈഡ് സ്റ്റാന്ഡിടാൻ മറക്കുന്ന, ചായ കൃത്യമസമയത്ത് കുടിക്കുന്ന, ചിലസമയത്ത് ഹോട്ടലിൽ അസ്പൃശ്യത കാണിക്കുന്ന ശരാശരി മലയാളി. അയലത്തെ ചെക്കനെന്ന ഫഹദ് ഫാസിൽ ഇമേജും കൂട്ടിനുണ്ട്.
നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാധാരണ സംഭവങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി ഭൂമി കീഴ്മേൽ മറിയുന്നു. അനിക്കുട്ടന്റെ വീടും പുരയിടവും മറിയുന്നതിലല്ല, അയാളുടെ ജീവിത ദർശനം കീഴ്മേൽ മറിയുന്നിടത്താണ് കഥ കാഴ്ചക്കാരന്റെ ഹൃദയത്തിൽ തൊടുന്നത്. അതാണ് വെറുമൊരു അതിജീവനകഥമാത്രമായി (സർവ്വൈവൽ സ്റ്റോറി) മാറേണ്ട സിനിമയ്ക്ക് ദാർശനീകമായൊരു വെളിച്ചം നൽകുന്നത്.
അതുവരെ തീണ്ടപ്പാടകലെ നിർത്തിയവർ, അതുവരെ എന്റേതെന്ന് പറഞ്ഞ് പൂട്ടിവച്ചവ ,എന്തിന് അതുവരെ അരോചകമായി തോന്നിയശബ്ദത്തിന്റെ പോലും പ്രസക്തിയും, യുക്തിയും, അർത്ഥവും ഒരു ദുരന്തമുഖത്ത് വച്ച് വെളിപ്പെട്ടുകിട്ടുകയാണ്. ദുരന്തങ്ങളാണ് ഏറ്റവും നല്ല അദ്ധ്യാപകരെന്ന് പറയുന്നതെത്രയോ ശരിയാണ്. ആ സിനിമയിലെ ദുരന്തത്തിലെ ഏറ്റവും വലിയ അദ്ധ്യാപനം നടത്തുന്നതൊരു കൈക്കുഞ്ഞാണ് പൊന്നി. തൊട്ടുകൂടാത്തവരായി കരുതിയിരുന്ന ആ കുഞ്ഞിന്റെ അരോചകമായി തോന്നിയ കരച്ചിലാണ് മൃഗവും, മനുഷ്യനും തുല്യരായിത്തീരുന്ന മരണത്തിന്റെ ആഴങ്ങളിൽ നിന്നും ഫഹദിനെ രക്ഷിക്കുന്നത്. ലോകം മുഴുവൻ പൊന്നിയെ രക്ഷിച്ചത് അനിക്കുട്ടനാണെന്ന് കരുതുമ്പോഴും, നമുക്കറിയാം അനിക്കുട്ടൻ അവന്റെ അച്ഛൻ ആദ്യമേ യാത്രയായ മരണലോകത്ത് നിന്നും രക്ഷച്ചതൊരു കൈക്കുഞ്ഞാണെന്ന്. ആ കൈക്കുഞ്ഞൊരു ജീവിത പാഠവുമയാൾക്കു നൽകുന്നു, ജാതീയവും മറ്റുതരത്തലുമുള്ള വേർതിരിവുകളുടെ ആയുസ്സ് അയാളുടെ മരണം വരെയെ ഉള്ളുവെന്ന്. ആ പുതിയ ജീവിത ദർശനത്തിലേക്കുമാണ് ആ മണ്ണിൽ നിന്നുമയാൾ ഉയർത്തുവരുന്നതെന്നതിൽ സംശയമില്ല.
പ്രളയം നമ്മെ പഠിപ്പിച്ച നിരവധി പാഠങ്ങളിലൊന്നതായിരുന്നു, ജാതിയും നിറവും പത്രാസും കൊണ്ടൊന്നും മനുഷ്യനെ അളക്കരുതെന്ന്. ഈ ജാതിയൊക്കെ മരണം വരെയുള്ളൂവെന്ന ഇടുക്കി ജാഫറിന്റെ ഡയലോഗൂം ചേർത്ത് വായിക്കണം.