എറണാകുളം: ഹയർ സെക്കന്ററി പരിക്ഷ മൂല്യനിർണ്ണയത്തോട് അനുബന്ധിച്ചു ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കിയ സർക്കാർ നടപടി ധാർഷ്ട്യമെന്ന് കെ. സി. വൈ. എം സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മാനുവൽ. ക്രൈസ്തവ വിശ്വാസികൾ പരിശുദ്ധമായി ആചരിക്കുന്ന ദിവസം തന്നെ പരീക്ഷ മൂല്യനിർണയ ക്രമീകരണങ്ങൾക്ക് തിരഞ്ഞെടുത്തത് കഴിഞ്ഞ കുറേ നാളുകളായി സർക്കാർ സംവിധാനങ്ങൾ ക്രൈസ്തവ വിഭാഗങ്ങളോട് കാണിക്കുന്ന തികഞ്ഞ അവഗണനയുടെ തുടർക്കഥയാണ്.
എസ്. എസ്.എൽ സി പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പ് പോലും തുടങ്ങുന്നതിനു മുൻപേ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് തിരക്കിട്ടു തുടങ്ങുന്നത് ക്രൈസ്തവ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. മുൻപും ക്രൈസ്തവർ വിശുദ്ധ ദിവസമായി ആചരിക്കുന്ന ഞായറാഴ്ചകളിലും മറ്റും പരീക്ഷകൾ നടത്തിയത് ഉൾപ്പെടെ പ്രതിഷേധങ്ങൾക്ക് കാരണമായിടത്താണ് സർക്കാർ വീണ്ടും ഈ നടപടിയുമായി വന്നിരിക്കുന്നത്. സർക്കാരിന്റെ ഈ വിധ ധാർഷ്ട്യ നടപടികൾ അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ലെന്നും സംസ്ഥാന സമിതി പ്രതികരിച്ചു. ഇതിനെതിരെ 32 രൂപതകളുടെയും പ്രതിഷേധം സംസ്ഥാന സർക്കാരിനെ അറിയിക്കുവാനും തീരുമാനമെടുത്തു. സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മാനുവൽ, ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ്,വൈസ് പ്രസിഡന്റ് ഷിബിൻ ഷാജി, സെക്രട്ടറിമാരായ സുബിൻ കെ സണ്ണി, മരീറ്റ തോമസ്,അഗസ്റ്റിൻ ജോൺ, മെറിൻ എം.എസ് . ട്രഷറർ ഡിബിൻ ഡൊമിനിക്, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സി. റോസ് മെറിൻ, എന്നിവർ പ്രസംഗിച്ചു.