വെള്ളയമ്പലം: 2024 വർഷത്തിലെ ലോഗോസ് ക്വിസിന് ഒരുങ്ങാൻ സഹായിക്കുന്ന പഠന സഹായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രകാശനം ചെയ്തു. ലോഗോസ് ക്വിസ് ഗെയിം ആപ്പ് ഏഴാംപതിപ്പിന്റെ സമ്മാനദാന ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. തിരുവനന്തപുരം അതിരൂപത മീഡിയ കമ്മിഷൻ കാർമ്മൽ പബ്ലിക്കേഷനുമായി സഹകരിച്ച് പുറത്തിറക്കുന്ന പഠന സഹായിയുടെ മലയാളം പതിപ്പ് അതിരൂപതയിലെ ബൈബിൾ ക്ലാസ്സുകൾക്ക് നിസ്തുല സംഭാവനകൾ നല്കികൊണ്ടിരിക്കുന്ന മോൺ. നിക്കോളാസ് മെത്രാപ്പോലീത്തയിൽ നിന്നും ആദ്യപ്രതി ഏറ്റുവാങ്ങി. ഇംഗ്ലീഷ് പഠന സാഹായി റവ. സിസ്റ്റർ സേവ്യർ അമ്മയ്ക്ക് ആദ്യപ്രതി നല്കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
ലോഗോസ് ക്വിസിന് ഒരുങ്ങാൻ സഹായിക്കുന്ന പഠന സഹായി 2016 മുതൽ തിരുവനന്തപുരം അതിരൂപത പുറത്തിറക്കിവരുന്നു. സാങ്കേതിക വളർച്ച ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ 2017-ൽ ഒരു പടികൂടി കടന്ന് പഠനസഹായിയോടൊപ്പം ഒരു മൊബൈൽ ഗെയിം ആപ്പും പുറത്തിറക്കി. 2023 മുതൽ മലയാളത്തോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും പഠനസാഹിയിയും ഗെയിം ആപ്പും പുറത്തിറക്കി. ഇന്ന് സമാപനംക്കുറിച്ച ലോഗോസ് ഗെയിമിന്റെ ഏഴാം പതിപ്പിൽ 53 രൂപതകളിൽ നിന്നായി 5000ത്തിലധികംപേർ ഗെയിം കളിച്ചു.
ലോഗോസ് പഠനസഹായിയിലൂടെ ബൈബിൾ വായിച്ചുതുടങ്ങിയതായും വചനത്തിൽ ആഴപ്പെടാൻ സാധിച്ചതായും നിരവധിപേർ തങ്ങളുടെ അനുഭവസാക്ഷ്യം പങ്കുവഹിച്ചു. ജീവിതത്തിൽ പ്രതിസന്ധി നേരിട്ട സമയത്ത് ലോഗോസ് പഠന സഹായി ലഭിച്ചതിലൂടെ ലോഗോസ് ഗെയിം കളിക്കാൻ തുടങ്ങിയെന്നും, അതുവഴി ബൈബിൾ വായന ആരംഭിച്ച് പ്രതിസന്ധിയെ തരണം ചെയ്ത അനുഭവം കൊച്ചിരൂപതാംഗം പങ്കുവച്ചു.
ഇംഗ്ലീഷ് ഭാഷയിൽ പഠന സഹായിയും ഗെയിമും പുറത്തിറക്കുന്നത് ഏറെപേർക്ക് ലോഗോസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനും വചനത്തിൽ ആഴപ്പെടുന്നതിനും സഹാകരമാകുന്നതായി കേരളത്തിന് പുറത്തുള്ള നിരവധിപേർ പങ്കുവച്ചു. ലോഗോസ് ക്വിസ് പഠനസഹായി 2024 തിരുവനന്തപുരം മീഡിയ കമ്മിഷൻ ഓഫീസിലും കേരളത്തിലെ വിവിധ ക്രിസ്ത്യൻ ബുക്ക്സ്റ്റാളുകളിലും നവംബർ 15 മുതൽ ലഭ്യമാകും. 2024 വർഷത്തെ ഗെയിം ആപ്പ് 2024 ജൂലൈ മാസം പുറത്തിറങ്ങും.