വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി. ഇന്ന് രാവിലെ വെള്ളയമ്പലം ബിഷപ്സ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ മാസികയുടെ മുഖചിത്രം അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത പ്രകാശനം ചെയ്ത് ആദ്യപതിപ്പ് വികാർജനറൽ മോൺ. യൂജിൻ പെരേരയ്ക്ക് കൈമാറി.
നവംബർ 25 നാണ് ക്രിസ്തുദാസ് പിതാവ് തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്നത്. സിൽവർ ജൂബിലി സ്പെഷൽ പതിപ്പിൽ ക്രിസ്തുദാസ് പിതാവിനെക്കുറിച്ചുള്ള ലേഖനങ്ങളും, മധുര സ്മരണകളും, മംഗളാശംസകളും ഉൾകൊള്ളുന്ന പംക്തികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ ആശംസയും എമിരിത്തൂസ് സൂസപാക്യം മെത്രാപ്പോലീത്തയുടെ ലേഖനവും പുതിയ പംക്തിയിൽ വായിക്കാം. ഫാ. ലെനിൻ ഫെർണാണ്ടസ്, ഡോ. സീന ഫെലിക്സ് എന്നിവരുമായി ക്രിസ്തുദാസ് പിതാവ് നടത്തിയ അഭിമുഖം, ഫാ. എ ആർ ജോൺ, ശ്രീ. ജോസ് കെ. മാണി, ശ്രീ. ആന്റണി പുത്തൂർ, ഫാ. ഡൈസൻ, ഫാ. ഇമ്മാനുവേൽ, ഡോ. ഐറിസ് എന്നിവരുടെ ലേഖനങ്ങളും നവംബർ ലക്കത്തിന് മിഴിവേകുന്നു.
ആദ്ധ്യാത്മികം, സാമൂഹികം, വിദ്യാഭ്യാസം, സാഹിത്യം, സിനിമ, അതിരൂപത വാർത്തകൾ, നീർച്ചാലുകൾ തുടങ്ങി ക്രിസ്തു ദർശനത്തിലധിഷ്ടിതമായ നിരവധി പംക്തികളുമായി എല്ലാ മാസവും പുറത്തിറങ്ങുന്ന ജീവനും വെളിച്ചവും മാസികയുടെ ഒറ്റപ്രതിക്ക് 30 രൂപയാണ് വില. വാർഷിക വരിസംഖ്യ 360/- രൂപ. സഭയോടൊപ്പം ചിന്തിക്കാനും ക്രിസ്തു ദർശനത്തിൽ വളരാനും സഹായിക്കുന്ന ജീവനും വെളിച്ചവും മാസികയുടെ വരിക്കാരാകാൻ ചീഫ് എഡിറ്റർ ഫാ. ദീപക് ആന്റോ ഏവരെയും സ്വാഗതം ചെയ്തു.