ശുശ്രൂഷകളുടെ പൊതുവായ വീക്ഷണവും ദിശാബോധവും ഏകോപനവും ലക്ഷ്യം കൈവരിക്കേണ്ടത് ഓരോ രൂപതകളുടെയും വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടാവണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. തോമസ് ജെ നേറ്റോ. ഇന്ന് വെള്ളയമ്പലം ജൂബിലി ആനിമേഷൻ സെന്ററിൽ നടന്ന കെ ആർ എൽ സി സി തിരുവനന്തപുരം എക്ലേസിയാസ്റ്റിക്കൽ പ്രോവിൻസിൽ ഉൾപ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, പുനലൂർ, കൊല്ലം, ആലപ്പുഴ രൂപതകളിലെ ശുശ്രൂഷ കോഡിനേറ്റർമാർക്കും, ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറിമാർക്കും വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2002 മെയ് 24ന് സ്ഥാപിതമായ കെ ആർ എൽ സി സി ഒരേസമയം സഭ, സമുദായം എന്നിങ്ങനെ രണ്ട് കാഴ്ചപ്പാടോടുകൂടി മുന്നോട്ടുപോകുമ്പോൾ, സഭാ വിശുദ്ധീകരണത്തിനും സമുദായത്തിന്റെ ശാക്തീകരണത്തിനും ശുശ്രൂഷകൾ പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. 12 ലത്തിൻ രൂപതകളിൽ ഒരേ വീക്ഷണവും സംവിധാനവുമുള്ള പങ്കാളിത്ത സഭ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 10 വർഷങ്ങൾക്കു മുൻപാണ് കെ ആർ എൽ സി സി തുടക്കം കുറിച്ചത്. ഈ സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തലും ഈ പരിശ്രമത്തിന്റെ ഭാഗമാണെന്ന് വ്യത്യസ്ത സംവിധാനങ്ങളുള്ള രൂപതകളുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഓരോ രൂപതയെയും പ്രത്യേകിച്ച് അനുധാവനം ചെയ്യുന്ന സമീപനവും രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
5 രൂപതകളിൽ നിന്നായി അമ്പതോളം വൈദികർ പരിശീലന പഠന കളരിയിൽ പങ്കാളികളായി. ശുശ്രൂഷ സംവിധാനങ്ങളുടെ വിലയിരുത്തലും പൊതു ചർച്ചയും റൈറ്റ്. റവ. ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവ് മോഡറേറ്റ് ചെയ്തു. മിനിസ്ട്രി ഏകോപന സംവിധാനത്തെ പറ്റി ഡോ. ഗ്രിഗറി ആർ ബി. യും, യുവജന ശുശ്രൂഷ ഏകോപന സംവിധാനത്തെ പറ്റി ഡോ. ജിജു ജോർജ് അക്കത്തറയും, വിദ്യാഭ്യാസ ശുശ്രൂഷ ഏകോപന സംവിധാനത്തെ പറ്റി ഡോ. ആന്റണി അറയ്ക്കലും, സാമൂഹ്യ ശുശ്രൂഷ ഏകോപന സംവിധാനത്തെപ്പറ്റി ശ്രീ. തോമസ് കെ. സ്റ്റീഫനും, അല്മായ ശുശ്രൂഷ ഏകോപന സംവിധാനത്തെ പറ്റി ഫാ. ഷാജ് കുമാറും, കുടുംബപ്രേക്ഷിതശുശ്രൂഷ ഏകോപന സംവിധാനത്തെ പറ്റി ഡോ. എ. ആർ. ജോണും പരിശീലന പഠന ക്ലാസുകൾ നയിച്ചു.