തൃശ്ശൂര്‍: ബിഷപ് ഡോ. അലക്‌സ് വടക്കുംതല കോട്ടപുറം രൂപതയുടെ വികസനം സ്വപ്‌നം കണ്ട് പ്രവര്‍ത്തിച്ച വ്യക്തിയെന്ന് ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് കോട്ടപുറം വികാസ് – ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍ കോട്ടപ്പുറം രൂപത സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി. മറ്റു ഭാരിച്ച ചുമതലകളുണ്ടായിട്ടും, അസാധ്യമായ കാര്യം സാധ്യമാക്കിയെടുത്തുവെന്നും, അലക്‌സ് പിതാവ് വഴി രൂപതയ്ക്കു ലഭിച്ച നന്മകള്‍ക്ക് നന്ദി പറയുകയാണെന്നും പിതാവ് കൂട്ടിചേര്‍ത്തു.
തന്റെ മുന്നില്‍ ഒരു പാഠംപുസ്തകമായിട്ടായിരുന്നു അലക്‌സ് പിതാവ് അവതരിച്ചതെന്ന് കോട്ടപുറം രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന 9 മാസകാലം കോട്ടപുറം രൂപതയെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നുവെന്നും അംബ്രോസ് പിതാവ് ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ ഫാ.ഷാബു കുന്നത്തൂര്‍, എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ ജെക്കോബി ഒഎസ്‌ജെ, വൈദിക പ്രതിനിധി ഫാ. തോമസ് കോളരിക്കല്‍, സന്യസ്ത പ്രതിനിധി സിസ്റ്റര്‍ മേരി കാതറിന്‍ ഒപി, അല്മായ പ്രതിനിധി അനില്‍ കുന്നത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന മറുപടി പ്രസംഗത്തില്‍, കോട്ടപുറം രൂപത അനുഗ്രഹീതമായ ഒരു രൂപതയാണെന്നും, വിദ്യാഭ്യാസ-ആരോഗ്യം തുടങ്ങി എല്ലാ മേഖലളിലേയും സാധ്യതകള്‍ ഉപയോഗപ്പടുത്തി രൂപത ഇനിയും വളരണമെന്നും ബിഷപ് ഡോ. അലക്‌സ് വടക്കുംതല അഭിപ്രായപ്പെട്ടു. വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ നന്ദി പ്രകാശിപ്പിച്ച പരിപാടിയില്‍, കോട്ടപുറം രൂപതയുടെ ഉപഹാരം ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കൈമാറി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളടക്കം നിരവധി വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്തു.